
സിഡ്നി: ഇന്ത്യക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പര്യടനത്തിന് മുമ്പ് നടത്തിയ തയാറെടുപ്പുകളെ ചോദ്യം ചെയ്ത് മുന്‍ പേസര്‍ സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക്. എന്തൊക്കെ തയാറെടുപ്പുകള്‍ നടത്തി എന്നു പറഞ്ഞാലും നാഗ്പൂരില്‍ ഓസ്ട്രേലിയ തകര്‍ന്നു തരിപ്പണമായെന്നത് യാഥാര്‍ത്ഥ്യമാണെന്ന് ക്ലാര്‍ക്ക് പറഞ്ഞു.
ഇന്ത്യന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരക്ക് മുമ്പ് പരിശീലന മത്സരങ്ങളോ സന്നാഹ മത്സരങ്ങളോ കളിക്കേണ്ടെന്ന ഓസീസ് ടീം മാനേജ്മെന്‍റിന്‍റെ നിലപാടാണ് ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് കാരണമെന്നാണ് ആരാധകര്‍ കരുതുന്നതെന്നും ക്ലാര്‍ക്ക് സ്കൈ സ്പോര്‍ട്സ് റേഡിയോയില്‍ പറഞ്ഞു. നിങ്ങള്‍ തെരുവിലിറങ്ങി ആരോട് വേണമെങ്കിലും ചോദിച്ചോളു, ഇന്ത്യന്‍ പര്യടനത്തിന് ഓസ്ട്രേലിയ ശരിയായി തയാറെടുത്തിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും ഭൂരിപക്ഷവും പറയുക. സ്വന്തം നാട്ടില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പായിരുന്നെങ്കിലും ഓസ്ട്രേലിയയുടെ തയാറെടുപ്പുകള്‍ ശരിയായില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.
അശ്വിനും ജഡേജയും കറക്കി വീഴ്ത്തിയ നാഗ്പൂരിലെ പിച്ചില്‍ ബാറ്റിംഗ് പരിശീലനത്തിനിറങ്ങി ഓസ്ട്രേലിയ
ഇടം കൈയന്‍ സ്പിന്നറായ മാത്യു കുനെമാനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കുമോ എന്ന് കണ്ടറിയണമെന്നും ക്ലാര്‍ക്ക് പറഞ്ഞു. കുനെമാനെ കളിപ്പിക്കണമെങ്കില്‍ മൂന്ന് സ്പിന്നര്‍മാരുമായി ഇറങ്ങേണ്ടിവരും. ഇല്ലെങ്കില്‍ നേഥന്‍ ലിയോണിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കേണ്ടിവരും. അത് അവര്‍ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ആദ്യ ടെസ്റ്റില്‍ ടോഡ് മര്‍ഫി തിളങ്ങിയതിനാല്‍ അയാളെ ഒഴിവാക്കാനുമാവില്ല.
ടീമില്‍ മാറ്റം വരുത്താനാവാത്ത കുടുങ്ങിപ്പോയ അവസ്ഥയിലാണ് ഓസീസ് ഇപ്പോള്‍. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റി മാറി നില്‍ക്കണം. അതുപോലെ കാമറൂണ്‍ ഗ്രീനും മിച്ചല്‍ സ്റ്റാര്‍ക്കും തിരിച്ചെത്തുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ടീമില്‍ അടിമുടി മാറ്റം വരുത്തേണ്ടിവരും. അത് എങ്ങനെ ചെയ്യുമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ആദ്യ ടെസ്റ്റില്‍ സംഭവിച്ച അബദ്ധം വീണ്ടും ആവര്‍ത്തിക്കാന്‍ ഓസ്ട്രേലിയ തയാറാവില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.
നാഗ്പൂര്‍ ടെസ്റ്റില്‍ മൂന്ന് ദിവസം കൊണ്ടാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയത്. നാഗ്പൂര്‍ ടെസ്റ്റില്‍ ഒറ്റ ഓസീസ് ബാറ്റര്‍ പോലും അര്‍ധസെഞ്ചുറിപോലും നേടിയിരുന്നില്ല.17 മുതല്‍ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്.