ഹഫീസിന്റെ പോരാട്ടം പാഴായി; പാകിസ്ഥാനെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിന്

By Web TeamFirst Published Dec 20, 2020, 3:12 PM IST
Highlights

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 19.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഹാമില്‍ട്ടണ്‍: പാകിസ്ഥാനെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിനെ. രണ്ടാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 19.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ന്യൂസിലന്‍ഡ് സ്വന്തമാക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് മാന്‍ ഓഫ് ദ മാച്ച്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുമ്പോള്‍ തുടക്കത്തില്‍ തന്നെ ന്യസിലന്‍ഡിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ (11 പന്തില്‍ 21) നഷ്ടമായി. ഫഹീം അഷ്‌റഫിന്റെ പന്തില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് ഗപ്റ്റില്‍ മടങ്ങിയത്. പിന്നീട് ഒത്തുച്ചേര്‍ന്ന ടിം സീഫെര്‍ട്ട് (63 പന്തില്‍ 84), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (47 പന്തില്‍ 57) എന്നിവര്‍ അനായാസം കിവീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 129 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മൂന്ന് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു വിക്കറ്റ് കീപ്പറായ സീഫെര്‍ട്ടിന്റെ ഇന്നിങ്‌സ്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന വില്യംസണ്‍ ഒരു സിക്‌സും എട്ട് ഫോറും നേടി.

നേരത്തെ മുഹമ്മദ് ഫഹീസിന്റെ (57 പന്തില്‍ പുറത്താവാതെ 99) ഇന്നിങ്‌സാണ് പാകിസ്ഥാന്‍ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ നാലിന് 56 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ഹഫീസിന്റെ ഇന്നിങ്‌സ് തുണയായി. പത്ത് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു ഹഫീസിന്റെ ഇന്നിങ്‌സ്. റിസ്‌വാന്‍ (22), ഹൈദര്‍ അലി (8), അബ്ദുള്ള ഷഫീഖ് (0), ഷദാബ് ഖാന്‍ (4), ഖുഷ്ദില്‍ (14), ഫഹീം അഷ്‌റഫ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇമാദ് വസീം (10) പുറത്താവാതെ നിന്നു. സൗത്തിക്ക് പുറമെ ജയിംസ് നീഷാം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്്ത്തി.

click me!