ഫിറ്റ്‌നസില്‍ കോലി ആര്‍ക്കും താഴെയല്ല, റൊണാള്‍ഡോയ്‌ക്ക് സമം; വാഴ്‌ത്തിപ്പാടി പാക് മുന്‍ താരം

By Web TeamFirst Published Jan 17, 2023, 8:40 PM IST
Highlights

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഒരു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും താഴെയല്ല വിരാട് കോലി എന്ന് സല്‍മാന്‍ ബട്ട്

ലാഹോര്‍: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ തളര്‍ച്ചയില്ലാതെ ബാറ്റ് ചെയ്യുന്ന വിരാട് കോലിയെയാണ് ആരാധകര്‍ കണ്ടത്. 110 പന്തില്‍ 166 റണ്‍സ് നേടിയ കോലിയുടെ മാരത്തണ്‍ ഇന്നിംഗ്‌സില്‍ 13 ഫോറുകളും ആറ് സിക്‌സറുകളും ഉണ്ടായിരുന്നു. 66 റണ്‍സ് ഓടിയെടുത്തും കോലി തന്‍റെ ഫിറ്റ്‌നസ് തെളിയിച്ചു. ഒരിക്കല്‍ പോലും കോലി കിതയ്ക്കുന്നത് ആരാധകര്‍ കണ്ടില്ല. ഇതോടെ മുപ്പത്തിനാലുകാരനായ കോലിയുടെ ഫിറ്റ്‌നസിനെ പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്ബോളറും 37കാരനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യുകയാണ് പാകിസ്ഥാന്‍ മുന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. 

'ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഒരു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും താഴെയല്ല വിരാട് കോലി. കായിക ലോകത്തെ ഏറ്റവും ഫിറ്റ്‌നസുള്ളവരുടെ കൂട്ടത്തില്‍ വിരാട് കോലിയുണ്ടാകും. ഫിറ്റ്‌നസിനോടുള്ള കോലിയുടെ ആത്മാര്‍പ്പണം വിസ്‌മയാവഹമാണ്. കോലി തന്‍റെ മികച്ച ഫോമിലേക്ക് തിരിച്ചുവന്നു എന്നാണ് തോന്നുന്നത്. തുടര്‍ച്ചയായി റണ്‍സും സെഞ്ചുറികളും നേടാനാവുന്ന പോലെ. കോലി കളിക്കും പോലെയാണ് ഏകദിന ഫോര്‍മാറ്റില്‍ കളിക്കേണ്ടത്. ഉറച്ച തുടക്കത്തിന് ശേഷം നല്ല പന്തുകളില്‍ റണ്‍സ് നേടുക. ക്രീസില്‍ സെറ്റായാല്‍ കോലിയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ ഒഴുകിക്കൊണ്ടിരിക്കും. തന്‍റെ ഗെയിമിന്‍മേല്‍ എത്രത്തോളം നിയന്ത്രണം കോലിക്ക് എന്ന് ഇത് തെളിയിക്കുന്നതായും' സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഫോമില്ലായ്‌മയുടെ പേരില്‍ വലിയ വിമര്‍ശനം കേട്ടിരുന്ന കോലി ഏഷ്യാ കപ്പിലൂടെയാണ് തന്‍റെ രണ്ടാം പടയോട്ടം ആരംഭിച്ചത്. ഏഷ്യാ കപ്പിന് പിന്നാലെ ട്വന്‍റി 20 ലോകകപ്പിലും കോലിയുടെ ബാറ്റ് റണ്ണൊഴുക്കി. ശ്രീലങ്കയ്ക്ക് എതിരെ അവസാനിച്ച മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ കോലി രണ്ട് സെഞ്ചുറികളോടെ 141.50 ബാറ്റിംഗ് ശരാശരിയില്‍ 283 റണ്‍സ് നേടി. 137.38 സ്ട്രൈക്ക് റേറ്റുണ്ടായിരുന്നു കിംഗിന്. ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയാണ് ഇനി കോലിക്ക് മുന്നിലുള്ളത്. കോലിയുടെ ഫോം തുടര്‍ന്നാല്‍ ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനേറെ. 

സൗത്തിയും ബോള്‍ട്ടുമില്ലാത്തത് വലിയ പഴുത്; തുറന്നുസമ്മതിച്ച് കിവീസ് നായകന്‍

click me!