സൗത്തിയും ബോള്‍ട്ടുമില്ലാത്തത് വലിയ പഴുത്; തുറന്നുസമ്മതിച്ച് കിവീസ് നായകന്‍

By Web TeamFirst Published Jan 17, 2023, 7:39 PM IST
Highlights

ബോള്‍ട്ടും സൗത്തിയും വില്യംസണും ടീമിലില്ലാത്തത് വലിയ വിടവാണ് എന്ന് സമ്മതിച്ച് ടോം ലാഥം

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ സ്റ്റാര്‍ പേസര്‍മാരായ ടിം സൗത്തി, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരുടെ അഭാവം വലിയ പഴുതാണെന്ന് കിവീസ് സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ ടോം ലാഥം. പാകിസ്ഥാന്‍ പര്യടനത്തിന് ശേഷം സൗത്തി നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ബോള്‍ട്ട് യുഎഇയില്‍ ഐഎല്‍ടി20 കളിക്കുകാണ്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കരാറില്‍ നിന്ന് മുമ്പ് ബോള്‍ട്ട് സ്വമേധയാ പുറത്തുപോയിരുന്നു. അതോടൊപ്പം സ്ഥിരം നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ അസാന്നിധ്യവും സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാണ്. 

'ബോള്‍ട്ടും സൗത്തിയും വില്യംസണും ടീമിലില്ലാത്തത് വലിയ വിടവാണ്. അതേസമയം മറ്റ് താരങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇത് അവസരമൊരുക്കുകയും ചെയ്യുന്നു. സ്‌ക്വാഡിലെ എല്ലാവരും രാജ്യാന്തര മത്സരം കളിച്ചിട്ടുള്ളവരാണ് എന്നത് ബോണസാണ്. അവര്‍ക്ക് മുന്നോട്ട് വരാനുള്ള അവസരമാണിത്. ഏറെ മത്സരങ്ങള്‍ ഇന്ത്യയില്‍ കളിച്ചിട്ടുള്ള ലോക്കി ഫെര്‍ഗ്യൂസണിന്‍റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാണ്' എന്നും മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ലാഥം പറഞ്ഞു. ബ്ലെയര്‍ ടിക്ക്‌നെര്‍, ഡഗ് ബ്രേസ്‌വെല്‍, ഹെന്‍‌റി ഷിപ്‌ലി എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. പരിക്കേറ്റ സീനിയര്‍ സ്‌പിന്നര്‍ ഇഷ് സോഥിക്ക് കളിക്കാനാവില്ലെന്ന് ലാഥം സ്ഥിരീകരിച്ചു. സോഥി ഇന്ന് നെറ്റ്‌സില്‍ എത്തിയെങ്കിലും പതിവുപോലെ പന്തെറിഞ്ഞില്ല. അവശേഷിക്കുന്ന ഏകദിനങ്ങളില്‍ സോഥിക്ക് കളിക്കാനാകും എന്നാണ് പ്രതീക്ഷ. 

'പാകിസ്ഥാനില്‍ മികച്ച ക്രിക്കറ്റാണ് കളിച്ചത്. ഇതുവരെ പാകിസ്ഥാനില്‍ കളിച്ചിട്ടില്ലാത്ത താരങ്ങളടങ്ങിയ ടീം പരമ്പര വിജയം നേടിയത് അഭിമാനകരമാണ്. ഇവിടെ ഇന്ത്യയില്‍ കഴിയുന്നത്ര വേഗം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കും. പാകിസ്ഥാനിലേക്കാള്‍ കുറച്ച് മികച്ച പിച്ചുകളാണ് ഇന്ത്യയിലേത്. എപ്പോള്‍ ഇന്ത്യയില്‍ കളിച്ചാലും അത് വലിയ പോരാട്ടമാണ്. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിക്കാനുള്ള അവസാന അവസരമാണിത്. ലോകകപ്പ് മത്സരങ്ങള്‍ വളരെ അകലെയല്ല. അതിനാല്‍ കഴിയുന്നത്ര കാര്യങ്ങള്‍ പഠിക്കാന്‍ ഇക്കുറി ശ്രമിക്കും. സ്‌പിന്‍ ബൗളിംഗ് ഇന്ത്യയില്‍ വലിയ ഘടകമാണ്. കോലി സെഞ്ചുറികളോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. എന്നാല്‍ കോലിക്കെതിരെ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്' എന്നും ലാഥം കൂട്ടിച്ചേര്‍ത്തു.

പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുറപ്പ്; പക്ഷേ ഇഷാന്‍ കിഷന്‍ എവിടെ കളിക്കും  

click me!