
കറാച്ചി: ദക്ഷിണാഫ്രിക്കയോടേറ്റ ഏക പരാജയം ഒഴിച്ചുനിര്‍ത്തിയാല്‍, 2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടേത് സമാനതകളില്ലാത്ത കുതിപ്പായിരുന്നു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം തവണയും ലോകകിരീടം ചൂടിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചുകൊണ്ട് മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദി രംഗത്തെത്തി. ഫൈനലിലെ ഇന്ത്യന്‍ പ്രകടനത്തെ അഫ്രീദി പ്രത്യേകം പ്രശംസിച്ചു. ലോകകപ്പിലെ താരമായ സഞ്ജു സാംസണിന്റെ പ്രകടനത്തെ കുറിച്ചും അഫ്രീദി വാതോരാതെ സംസാരിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമിനെ കുറിച്ച് അഫ്രീദി പറഞ്ഞതിങ്ങനെ... ''ലോകകപ്പ് അവസാനിച്ചു. ഇന്ത്യ ഈ കിരീടം അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മികച്ച ടീം കോമ്പിനേഷനാണ് അവരുടേത്. അവരുടെ ബെഞ്ച് സ്ട്രംഗ്ത് വളരെ വലുതാണ്. പുറത്തിരിക്കുന്ന താരങ്ങള്‍ പോലും പ്ലെയിങ് ഇലവനിലുള്ളവരെപ്പോലെ തന്നെ മികച്ചവരാണ്.'' അഫ്രീദി തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. മലയാളി താരം സഞ്ജുവിന്റെ പ്രകടനത്തതെ കുറിച്ച് അഫ്രീദി... ''സഞ്ജു അസാധാരണ പ്രകടനമാണ് കാഴ്ചവെച്ചത്. ലഭിച്ച അവസരങ്ങള്‍ അദ്ദേഹം വിനിയോഗിച്ചു. ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും പക്വതയാര്‍ന്ന ബാറ്റിംഗും എടുത്തു പറയേണ്ടതാണ്.'' അഫ്രീദി പറഞ്ഞു.
അഭിഷേക് ശര്‍മയുടെ പ്രകടനത്തെയും പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇഷാന്‍ കിഷന്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തെയും അഫ്രീദി അഭിനന്ദിച്ചു. ഇന്ത്യന്‍ ബൗളിംഗിന്റെ നട്ടെല്ല് ജസ്പ്രിത് ബുമ്രയാണെന്നും പുതിയ പന്തിലായാലും പഴയ പന്തിലായാലും യോര്‍ക്കറുകള്‍ എറിയുന്നതില്‍ ബുമ്ര ലോകത്തെ മികച്ച ബൗളര്‍മാരില്‍ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫും ഇന്ത്യയുടെ വിജയത്തില്‍ അത്ഭുതമില്ലെന്ന് പ്രതികരിച്ചു. വലിയ ടൂര്‍ണമെന്റുകളുടെ ഫൈനലുകളില്‍ സ്ഥിരമായി എത്തുന്നതിലൂടെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ വിജയിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശീലിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ടീമിലെ അടിക്കടിയുള്ള മാറ്റങ്ങളും അക്ഷമയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, ഇന്ത്യന്‍ ടീമിലെ സ്ഥിരതയും വ്യക്തമായ പ്ലാനിംഗുമാണ് അവരുടെ വിജയരഹസ്യമെന്നും ലത്തീഫ് നിരീക്ഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!