'വലിയ മത്സരങ്ങളില്‍ മികവ് തെളിയിക്കാനാവണം!' കോലിയെ മെസിയോട് ഉപമിച്ച് മുന്‍ പാക് താരം

By Web TeamFirst Published Jun 9, 2021, 10:28 PM IST
Highlights

18ന് നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. മാത്രമല്ല, ഒന്നര വര്‍ഷമായി കോലി രാജ്യന്തര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി നേടിയിട്ട്.

ലാഹോര്‍: ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം എറ്റെടുത്ത ശേഷം വിരാട് കോലിക്ക് ഐസിസി കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. 2017 ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും പാകിസ്ഥാനോട് പരാജയപ്പെട്ടു. ഇപ്പോള്‍ മറ്റൊരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിനില്‍ക്കുകയാണ് കോലിപ്പട. 18ന് നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. മാത്രമല്ല, ഒന്നര വര്‍ഷമായി കോലി രാജ്യന്തര ക്രിക്കറ്റില്‍ ഒരു സെഞ്ചുറി നേടിയിട്ട്. 

കോലിയെ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസിയോട് ഉപമിച്ചിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ റമീസ് രാജ. ''മെസിയെ പോലെ ചില വമ്പന്‍ താരങ്ങള്‍ക്ക് വലിയ കിരീടങ്ങളൊന്നും നേടാന്‍ സാധിച്ചിട്ടില്ല. വലിയ മത്സരങ്ങളില്‍ മികവ് തെളിയിക്കുമ്പോഴാണ് ഒരു താരത്തിന്റെ മനോധൈര്യം അളക്കപ്പെടുന്നത്.

നിര്‍ണായക സമയങ്ങളില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിക്കുന്നതാണ് ഒരു താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. വിവ് റിച്ചാര്‍ഡ്‌സ് അത്തരത്തിലുള്ള താരമായിരുന്നു. പ്രധാന മത്സരങ്ങളില്‍ മികവ് പുറത്തെടുക്കുന്നതാണ് അദ്ദേഹത്തിന്റെ ശീലം. കോലിക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ വലിയ അവസരമാണ്. ദീര്‍ഘകാലമായുള്ള സെഞ്ചുറി വരള്‍ച്ചയ്ക്ക് വിരാമമിടാനും ഇന്ത്യന്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാനും.'' രാജ പറഞ്ഞു.

എക്കാലത്തേയും മികച്ച താരമെന്ന സ്ഥാനത്തേക്ക് ഉയരാനുള്ള അവസരമാണ് കോലിക്ക് വന്നിച്ചേര്‍ന്നിരിക്കുന്നതെന്നും രാജ പറഞ്ഞു. ''ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് കോലിയുടെ പേര്. എന്നാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നേടിയാല്‍ കോലി മറ്റൊരു തലത്തിലേക്ക് ഉയരും. കോലി തന്റെ കഴിവ് സാഹചര്യത്തിനനുസരിച്ച് ഉപയോഗിച്ചാല്‍ മാത്രം മതി.'' മുന്‍ പാക് താരം പറഞ്ഞുനിര്‍ത്തി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കളിച്ച ആറ് ടെസ്റ്റ് പരമ്പരകളില്‍ അഞ്ചിലും ടീം ജയിച്ചിരുന്നു. അതിന്റെ ഫലമാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ സ്ഥാനം. ജയിക്കുന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

click me!