വിരാട് കോലിയുടെ കീഴിലുള്ളത് എക്കാലത്തേയും മികച്ച ടെസ്റ്റ് സംഘം; ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Jun 9, 2021, 4:50 PM IST
Highlights

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 520 പോയിന്റോടെ ഒന്നാം സ്ഥാനത്തായിട്ടാണ് ടീം  ഇന്ത്യ അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കളിച്ച ആറ് ടെസ്റ്റ് പരമ്പരകളില്‍ അഞ്ചിലും ടീം ജയിച്ചു. 
 

മുംബൈ: വിരാട് കോലി നയിക്കുന്ന ഇപ്പോഴത്തെ ഇന്ത്യന്‍ ടീം അടുത്തകാലത്ത് ഏറെ പ്രശംസയേറ്റുവാങ്ങിയിരുന്നു. പലരും പറയുന്നത് ഇപ്പോഴത്തെ ടീമിന്റെ വിജയങ്ങള്‍ക്ക് കാരണം ബൗളിങ് യൂനിറ്റിന്റെ പ്രകടനമാണെന്നാണ്. മറ്റുചിലര്‍ തോല്‍ക്കാന്‍ മനസില്ലാത്ത ഒരു യൂനിറ്റായിട്ടാണ് ഇന്ത്യയെ കാണുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പറായ ദിനേശ് കാര്‍ത്തിക് പറയുന്നത് ഇന്ത്യയുടേത് എക്കാലത്തേയും മികച്ച ടെസ്റ്റ് സംഘമാണെന്നാണ്.

കാര്‍ത്തികിന്റെ വിശദീകരണമിങ്ങനെ... ''ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനെയാണ് ഇപ്പോള്‍ കാണുന്നത്. 1971 വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ തകര്‍ത്ത അജിത് വഡേക്കറുടെ ടീമിനെ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ കോലിക്ക് കീഴിലുള്ള ഇപ്പോഴത്തെ ടീം വ്യത്യസ്തകള്‍ നിറഞ്ഞ സംഘമാണ്. ബൗളിംഗിലും ബാറ്റിംഗിലും നിരവധി സാധ്യതകള്‍ ഇന്ത്യക്കുണ്ട്.

ഇപ്പോഴത്തെ സംഘം ഒരുമിച്ച് കളിക്കാന്‍ തുടങ്ങിയത് മുതല്‍ ഏതൊരു വെല്ലുവിളിയും മറികടക്കാന്‍പോന്ന ടീമായി മാറുകയായിരുന്നു. തകര്‍പ്പന്‍ പേസര്‍മാരും ലോകോത്തര സ്പിന്നറും ഉള്‍പ്പെടുന്നതാണ് ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ്. അതൊടൊപ്പം ഹൈക്ലാസ് ബാറ്റിംഗ് ലൈനപ്പും ഒരു ഓള്‍റൗണ്ടറും. ഇന്ത്യയെ സന്തുലിതമായി നിര്‍ത്തുന്നത് ഈ ലൈനപ്പാണ്. എക്കാലത്തേയും മികച്ച ടീമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ കഴിഞ്ഞതും.'' കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സ് വിക്കറ്റ് കീപ്പറായ കാര്‍ത്തിക് വ്യക്തമാക്കി.

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 520 പോയിന്റോടെ ഒന്നാം സ്ഥാനത്തായിട്ടാണ് ടീം  ഇന്ത്യ അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കളിച്ച ആറ് ടെസ്റ്റ് പരമ്പരകളില്‍ അഞ്ചിലും ടീം ജയിച്ചു. അഞ്ച് വര്‍ഷമായിട്ട് ഒന്നാം സ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ ടെസ്റ്റ് പരമ്പര നേട്ടം. അവസാന പരമ്പരയിലാവട്ടെ പ്രമുഖതാരങ്ങളൊന്നും കളിച്ചതുമില്ല.

click me!