'വിശ്വസ്തനായ ഓപ്പണറെ കണ്ടെത്തൂ, എന്നിട്ടാവാം ക്യാപ്റ്റന്മാര്‍'; ഇന്ത്യക്ക് മുന്‍ പാക് താരത്തിന്റെ വിമര്‍ശനം

By Web TeamFirst Published Jul 31, 2022, 5:54 PM IST
Highlights

നിലവില്‍ വിന്‍ഡീസിലാണ് ഇന്ത്യന്‍ ടീം. ടി20 പരമ്പരയ്ക്കുള്ള ടീമിനെ രോഹിത്താണ് നയിക്കുന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇതിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു.

ഇസ്ലാമാബാദ്: നിരവധി ക്യാപ്റ്റന്മാരെയാണ് അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് പരീക്ഷിച്ചത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) പുറമെ കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര (Jasprit Bumrah) എന്നിവരും നായകരായെത്തി. ബുമ്ര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് നായകനായത്. രാഹുല്‍ (KL Rahul) ടെസ്റ്റിനെ കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരിയും ഇന്ത്യയെ നയിച്ചു. പന്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും പാണ്ഡ്യ അയര്‍ലന്‍ഡിനെതിരേയും ഇന്ത്യയെ നയിച്ചു. വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ ധവാനായിരുന്നു ക്യാപ്റ്റന്‍.

സ്ഥിരം ക്യാപ്റ്റനെ മാറ്റുന്നത് പലരിലും അതൃപ്തിയുണ്ടാക്കിയിരുന്നു. മുന്‍ പാകിസ്ഥാന്‍ താരം റഷീദ് ലത്തീഫ് പറയുന്നത് ഇത്തരത്തില്‍ ടീമിനെ മാറ്റുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''1990കളില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് സംഭവിച്ച തെറ്റാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലും സംഭവിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഏഴ് പേര്‍ ഇന്ത്യയെ നയിക്കാനെത്തി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. 1990കളില്‍ പാകിസ്ഥാന് സംഭവിച്ച അതേ പിഴവാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. ക്യാപ്റ്റന്മാരിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്ന് തോന്നുന്നു. 

വിശ്വസ്തനായ ഓപ്പണറെ കണ്ടെത്താന്‍ ഇന്ത്യക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. മധ്യനിരയ്ക്കും കെട്ടുറപ്പില്ല. കണ്ടെത്തുന്ന ക്യാപ്റ്റന്മാര്‍ക്കും സ്ഥിരതയില്ല. രോഹിത്തിനും രാഹുലിനും ഫിറ്റനെസ് പ്രശ്‌നങ്ങള്‍. നേരത്തെ സ്ഥാനമൊഴിഞ്ഞ വിരാട് കോലി മാനസികമായി ഫിറ്റായിരുന്നില്ല. സൗരവ് ഗാംഗുലി, എം എസ് ധോണി, കോലി എന്നിവരെപോലെയുള്ള ക്യാപ്റ്റന്മാരെയാണ് ഇന്ത്യക്ക് വേണ്ടത്.'' ലത്തീഫ് വ്യക്തമാക്കി.  

നിലവില്‍ വിന്‍ഡീസിലാണ് ഇന്ത്യന്‍ ടീം. ടി20 പരമ്പരയ്ക്കുള്ള ടീമിനെ രോഹിത്താണ് നയിക്കുന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇതിന് മുമ്പ് നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു. പരമ്പര 3-0ത്തിന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലും ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ടീമിനെ പ്രഖ്യാപിച്ചത്. 

സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷാന്‍, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

click me!