'ഗംഭീര്‍ ഇന്ത്യന്‍ ടീമിലും രാഷ്ട്രീയം കലര്‍ത്തുന്നു'; രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം

Published : Feb 24, 2026, 03:36 PM IST
Suryakumar Yadav-Gautam Gambhir

Synopsis

ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദ്. 

ഇസ്ലാമാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ വന്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദ്. ഈ തോല്‍വിയോടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മത്സരത്തിലെ ഗംഭീറിന്റെ ചില ടീം തിരഞ്ഞെടുപ്പുകളും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നിര്‍ണായക മത്സരത്തില്‍ അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയ ഗംഭീറിന്റെ തീരുമാനത്തെ ആരാധകര്‍ക്കൊപ്പം ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവരും വിമര്‍ശിച്ചിരുന്നു.

ടിവി പരിപാടിയില്‍ സംസാരിക്കവെയാണ് ഷെഹ്സാദ് ഗംഭീറിനെതിരെ രംഗത്തെത്തിയത്. 2019-24 കാലയളവില്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എംപിയായിരുന്ന ഗംഭീര്‍, ആ രാഷ്ട്രീയ സ്വാധീനം ടീമിലേക്കും കൊണ്ടുവന്നുവെന്ന് ഷെഹ്സാദ് ആരോപിച്ചു. ''നിങ്ങള്‍ ഏതൊരു മേഖലയില്‍ പ്രവേശിക്കുമ്പോഴും അതില്‍ പൂര്‍ണ ശ്രദ്ധ ആവശ്യമാണ്. ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു, അതോടെ അദ്ദേഹത്തിന്റെ ചിന്താഗതി മാറി. രാഷ്ട്രീയത്തില്‍ അദ്ദേഹം വലിയ വിജയമായിരുന്നില്ല, എന്നാല്‍ അതേ രാഷ്ട്രീയം അദ്ദേഹം ടീം പരിസരത്തേക്കും കൊണ്ടുവന്നതായി തോന്നുന്നു. ഗംഭീറിന്റെ ഈ രാഷ്ട്രീയം ഇന്ത്യന്‍ ടീമിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.'' ഷെഹ്സാദ് പറഞ്ഞു.

താരങ്ങളെ നന്നായി ഉപയോഗിക്കുന്നില്ല

ടീമിലെ കളിക്കാരെ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ ഗംഭീറിന് സാധിക്കുന്നില്ലെന്നും ഷെഹ്സാദ് കുറ്റപ്പെടുത്തി. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരം മാത്രം കളിച്ച കുല്‍ദീപ് യാദവിന്റെ ഉദാഹരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ''ടീമിലെ വിഭവങ്ങള്‍ ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. ഗംഭീര്‍ അത് കൃത്യമായി കൈകാര്യം ചെയ്യുന്നില്ല. കുല്‍ദീപ് യാദവിനെപ്പോലൊരു മാച്ച് വിന്നര്‍ ടീമിലുണ്ടായിട്ടും അദ്ദേഹത്തെ ശരിയായി ഉപയോഗിക്കുന്നില്ല.'' അദ്ദേഹം കൂട്ടിചേര്‍ത്തു.

പാകിസ്ഥാനെതിരായ വിജയത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായാണോ കുല്‍ദീപിനെ പുറത്തിരുത്തിയതെന്നും ഷെഹ്സാദ് സംശയം പ്രകടിപ്പിച്ചു. ഇരുവരും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയെങ്കിലും, ഇതിന് പിന്നില്‍ മറ്റൊരു കഥയുണ്ടെന്ന് ഷെഹ്സാദ് വിശ്വസിക്കുന്നു. ''പാകിസ്ഥാന്‍ മത്സരത്തിന് ശേഷം സൂര്യകുമാര്‍ യാദവ് കുല്‍ദീപിനെ തള്ളുന്ന ഒരു സംഭവം ഉണ്ടായിരുന്നു. ഒരുപക്ഷേ അച്ചടക്ക ലംഘനത്തിന്റെ പേരിലോ സൂര്യകുമാറുമായുള്ള പ്രശ്‌നത്തിന്റെ പേരിലോ ആയിരിക്കാം കുല്‍ദീപ് ഒഴിവാക്കപ്പെട്ടതെന്ന് ആളുകള്‍ പറയുന്നു. അങ്ങനെയല്ലെങ്കില്‍ ഒരു മാച്ച് വിന്നറായ കുല്‍ദീപിനെ മാറ്റിനിര്‍ത്തില്ലായിരുന്നു.'' ഷെഹ്സാദ് പറഞ്ഞു.

ചുമതലയേറ്റ ശേഷം ഉഭയകക്ഷി പരമ്പരകളിലൊന്നും തോറ്റിട്ടില്ലെങ്കിലും, ലോകകപ്പിലെ സാഹചര്യം ഗംഭീറിനും സൂര്യകുമാറിനും മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. വ്യാഴാഴ്ച സിംബാബ്വെക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ 8 മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പുറത്താകലിന്റെ വക്കില്‍ ഇന്ത്യ; സഞ്ജുവും അക്സറും മടങ്ങിയെത്തുമോ? തിരുത്താൻ ഇന്ത്യ
ടി20 ലോകകപ്പ്: സൂപ്പർ എട്ട് കടക്കാനായില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രത്തിലെ വലിയ നാണക്കേട്