
കറാച്ചി: അവിശ്വസനീയ വിജയമാണ് ഇംഗ്ലണ്ടിനെതിരായ (ENGvIND) അവസാന ഏകദിനത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേടുകയും ചെയ്തു. റിഷബ് പന്തിന്റെ (113 പന്തില്‍ പുറത്താവാതെ 125) സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതില്‍ 16 ഫോറും രണ്ട് സിക്‌സും ഉണ്ടായിരുന്നു. ഒരുഘട്ടത്തില്‍ നാലിന് 72 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ കണ്ട് നില്‍ക്കെയാണ് പന്ത് അവതരിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) 55 പന്തില്‍ 77 റണ്‍സുമായി നിര്‍ണായക പിന്തുണ നല്‍കി. ഇരുവരും 133 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
പന്ത്- ഹാര്‍ദിക് കൂട്ടുകെട്ടിനെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ യുവരാജ് സിംഗ്- മുഹമ്മദ് കൈഫ് സഖ്യം പുറത്തെടുത്ത പ്രകടനത്തോട് താരതമ്യം ചെയ്യുന്നവരുണ്ട്. അത്തരത്തില്‍ ഒരാളാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ (Danish Kaneria). പന്ത് ലോകോത്തര താരമാണെന്നും കനേരിയ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പന്തിന്റെ ഇന്നിംഗ്‌സ് നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ യുവരാജ് സിംഗ് മുഹമ്മദ് കൈഫും പുറത്തെടുത്ത പ്രകടനം ഓര്‍മപ്പെടുത്തുന്നു. അന്നും മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയിരുന്നു. പിന്നീട് യുവതാരങ്ങളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ- പന്ത് സഖ്യത്തിന്റേത് നിര്‍ണായകമായ കൂട്ടുകെട്ടായിരുന്നു. ഇംഗ്ലീഷ് ബൗളിംഗ് നിരയുടെ നിയന്ത്രണം തെറ്റിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഹാര്‍ദിക് ഇപ്പോള്‍ താളം കണ്ടെത്തിയെന്ന് തോന്നുന്നു. ഫിറ്റ്‌നെസില്‍ അദ്ദേഹം കഠിനാധ്വാനം ചെയ്തു.'' കനേരിയ പറഞ്ഞു.
രവി ശാസ്ത്രിക്ക് ഷാംപെയ്ന്‍ നല്‍കി റിഷഭ് പന്ത്; പിന്നാലെ കോലിയും- വൈറല്‍ വീഡിയോ കാണാം
പന്ത് ലോകനിലവാരത്തിലുള്ള താരമാണെന്നും കനേരിയ വ്യക്തമാക്കി. ''പക്വതയുള്ള ഇന്നിംഗ്‌സായിരുന്നു പന്തിന്റേത്. ലോകോത്തര താരമാവാനുള്ള ശേഷി പന്തിനുണ്ട്. പന്തിന്റെ കഴിവിനോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന വളരെ ചുരുക്കം പേരെ ലോക ക്രിക്കറ്റിലുള്ളൂ. സെഞ്ചുറികള്‍ ഇരട്ട സെഞ്ചുറികളാക്കാനുള്ള ശേഷി പന്തിനുണ്ട്. ആത്മവിശ്വാസത്തോടെ കളിക്കാന്‍ അദ്ദേഹത്തിനാവുന്നു. ഹാര്‍ദിക്, പന്ത് എന്നിവരെ പോലെയുള്ള താരങ്ങള്‍ ടീമിലുള്ളത് ഏതൊരു സ്‌കോറും പിന്തുടരാന്‍ ടീമിന് ആത്മവിശ്വാസം നല്‍കും.'' കനേരിയ വ്യക്തമാക്കി.
പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന മത്സരം അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!