പന്തെറിഞ്ഞപ്പോള്‍ ഏഴ് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ഹാര്‍ദിക് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ബാറ്റിംഗിനെത്തിയപ്പോള്‍ 55 പന്തില്‍ 77 റണ്‍സും നേടി.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ (ENG vs IND) അവസാന ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) പങ്ക് നിര്‍ണായകമായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. പന്തെറിഞ്ഞപ്പോള്‍ ഏഴ് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ഹാര്‍ദിക് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ബാറ്റിംഗിനെത്തിയപ്പോള്‍ 55 പന്തില്‍ 77 റണ്‍സും നേടി. അതും നാലിന് 72 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കെ. പിന്നീട് ഹാര്‍ദിക്- പന്ത് കൂട്ടുകെട്ടാണ് ഇന്ത്യയെ പിടിച്ചുയര്‍ത്തിയത്. 

പരമ്പരയിലെ താരവും ഹാര്‍ദിക്കായിരുന്നു. പ്രകടനത്തെ കുറിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സംസാരിക്കുകയും ചെയ്തു. ഹാര്‍ദിക്കിന്റെ വാക്കുകള്‍... ''ഇംഗ്ലണ്ട് എത്രത്തോളം മികച്ച ടീമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വൈറ്റ്‌ബോളില്‍ കളിക്കുന്നത് ഞാന്‍ ഏറെ ആസ്വദിക്കുന്നു. ഇംഗ്ലീഷ് പിച്ചുകളില്‍ പദ്ധതി പ്ലാന്‍ ചെയ്യുന്നതിലും അത് നടപ്പാക്കുന്നതിലും ടീം വിജയിച്ചു. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ തടയിടാനാണ് ഞാന്‍ ശ്രമിച്ചിരുന്നത്. ഷോര്‍ട്ട് പന്തുകള്‍ എറിയുന്നത് എനിക്കേറെ ഇഷ്ടമാണ്. ഒരോവറില്‍ ആറ് സിക്‌സുകളിച്ചാല്‍ പോലുമത് കാര്യമാക്കേണ്ടതില്ല. വിക്കറ്റെടുക്കാനാണ് ശ്രമിക്കേണ്ടത്. ലിയാം ലിവിംഗ്‌സ്റ്റണിനെതിരെ ഞാനതിനാണ് ശ്രമിച്ചതും. അടി കിട്ടുന്നത് കാര്യമാക്കാത്ത ക്രിക്കറ്ററാണ് ഞാന്‍.'' ഹാര്‍ദിക് പറഞ്ഞു.

'ജീവിതത്തില്‍ മറക്കാനാവാത്ത ഇന്നിംഗ്‌സ്'; ഏകദിനത്തിലെ കന്നി സെഞ്ചുറിയെ കുറിച്ച് റിഷഭ് പന്ത്

സെഞ്ചുറി നേടിയ റിഷഭ് പന്തിനെ കുറിച്ചും ഹാര്‍ദിക് സംസാരിച്ചു. ''റിഷഭ് എത്രത്തോളം മികച്ച ക്രിക്കറ്ററാണെന്ന് നേരത്തെ ബോധ്യമുള്ളതാണ്. അവസാന ഏകദിനത്തില്‍ അദ്ദേഹം സാഹചര്യത്തിനനുസരിച്ച് കളിച്ചു. പന്തുമായുള്ള കൂട്ടുകെട്ടാണ് ഗെയിം മാറ്റിമറിച്ചത്. അവന്‍ മത്സരം അവസാനിപ്പിച്ച രീതിയും ഏറെ പ്രശംസനീയമാണ്.'' ഹാര്‍ദിക് പറഞ്ഞുനിര്‍ത്തി. പന്തിനൊപ്പം 133 റണ്‍സാണ് ഹാര്‍ദിക് കൂട്ടിചേര്‍ത്തത്.

നേരത്തെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഹാര്‍ദിക്കിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ 55 പന്തില്‍ 77 റണ്‍സുമായി പന്തിന് നിര്‍ണായക പിന്തുണ നല്‍കി. 113 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് പന്ത് നേടിയത്. ഇതില്‍ 16 ഫോറും രണ്ട് സിക്‌സും ഉണ്ടായിരുന്നു.

'അവരെല്ലാം നന്നായി കളിച്ചു'; പരമ്പര നേട്ടത്തില്‍ താരങ്ങളെ പേരെടുത്ത് പ്രശംസിച്ച് രോഹിത് ശര്‍മ

പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന മത്സരം അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.