ഒത്തുകളിക്കാരന്‍ എന്നുവിളിച്ചു; പാക് ആരാധകനെ തെറി പറഞ്ഞ് മുഹമ്മദ് ആമിര്‍ വിവാദത്തില്‍

By Web TeamFirst Published Mar 11, 2024, 7:31 PM IST
Highlights

ഒരുവിഭാഗം പാക് ആരാധകര്‍ ആമിറിനായി ആരവം മുഴക്കിയപ്പോള്‍ ഇടയ്‌ക്ക് നിന്നാരോ 'ഒത്തുകളിക്കാരന്‍' എന്ന് വിളിച്ച് ആക്രേശിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ട്വന്‍റി 20ക്കിടെ ആരാധകനെ തെറിവിളിച്ച് ഇടംകൈയന്‍ പേസര്‍ മുഹമ്മദ് ആമിര്‍ വിവാദത്തില്‍. ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിന്‍റെ താരമായ ആമിര്‍ ലാഹോര്‍ ക്വലാന്‍ഡാര്‍സിനെതിരായ മത്സരത്തിന് ശേഷം കാണികള്‍ക്ക് അരികിലൂടെ നടന്നുപോകുമ്പോയിരുന്നു വിവാദ സംഭവം. ഒത്തുകളി കേസ് അടക്കം കരിയറില്‍ ഏറെ കറുത്ത ഏടുകളുള്ള താരമാണ് മുഹമ്മദ് ആമിര്‍. 

ലാഹോറിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് ഗ്ലാഡിയേറ്റേഴ്‌സ് പ്ലേ ഓഫിലെത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിയുടെ നിര്‍ണായക വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ആമിര്‍ തിളങ്ങിയിരുന്നു. എന്നാല്‍ മത്സരത്തിന് ശേഷം താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേ ഒരു ആരാധകന്‍റെ കളിയാക്കല്‍ കേട്ട മുഹമ്മദ് ആമിര്‍ അയാളുമായി വാക്‌പോരിലെത്തുകയായിരുന്നു. ഒരുവിഭാഗം പാക് ആരാധകര്‍ ആമിറിനായി ആരവം മുഴക്കിയപ്പോള്‍ ഇടയ്‌ക്ക് നിന്നാരോ ഒത്തുകളിക്കാരന്‍ എന്ന് വിളിച്ച് ആക്രോശിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം. എന്നാലിത് കേട്ട് നിയന്ത്രണം വിട്ട താരം നടത്തം മതിയാക്കി തിരികെ എത്തി ആരാധകനെ തെറിവിളിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

This is very bad yaar pic.twitter.com/4umVPsgQAb

— ٰImran Siddique (@imransiddique89)

പാകിസ്ഥാന്‍ ക്രിക്കറ്റിലെ അടുത്ത വന്‍ പേസര്‍ എന്ന വിശേഷണം കൗമാര പ്രായത്തില്‍ തന്നെ സ്വന്തമാക്കിയെങ്കിലും ഒത്തുകളി താരത്തിന്‍റെ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. 2010ലെ കുപ്രസിദ്ധമായ ഒത്തുകളി വിവാദത്തില്‍ ആമിര്‍ പ്രതിയായിരുന്നു. ഒത്തുകളി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ഐസിസി വിലക്ക് ലഭിച്ച ആമിര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് രാജ്യാന്തര ക്രിക്കറ്റില്‍ സജീവമാകാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെ താരം 28-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. പാകിസ്ഥാനായി 36 ടെസ്റ്റില്‍ 119 വിക്കറ്റും 61 ഏകദിനങ്ങളില്‍ 81 വിക്കറ്റും 50 ട്വന്‍റി 20കളില്‍ 59 വിക്കറ്റും ആമിര്‍ വീഴ്ത്തിയിട്ടുണ്ട്. 

Read more: നമ്മളിവിടെ പല പേരും ചര്‍ച്ച ചെയ്യുന്നു; റിങ്കു സിംഗ് പോലും ട്വന്‍റി 20 ലോകകപ്പ് കളിക്കുമെന്ന് ഉറപ്പില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!