ന്യൂബോളില്‍ സ്വിംഗ് കണ്ടെത്താനും വിക്കറ്റെടുക്കാനുമുള്ള അർഷ്ദീപിന്‍റെ മികവ് ഒരിക്കര്‍ കൂടി അടിവരയിടുന്നതായിരുന്നു നിക്കോള്‍സിന്‍റെ വിക്കറ്റ്.
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ മാത്രം പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്തതോടെ കോച്ച് ഗൗതം ഗംഭീറിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. അര്‍ഷ്ദീപ് എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാം പന്ത് തന്നെ ഡെവോണ്‍ കോൺവെ ബൗണ്ടറി കടത്തിയെങ്കിലും മൂന്നാം പന്തില്‍ കോണ്‍വെ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ടു. ജഡേജയാണ് ക്യാച്ച് നഷ്ടമാക്കിയത്. എന്നാല്‍ തന്‍റെ അടുത്ത പന്തില്‍ ന്യൂസിലന്‍ഡ് ഓപ്പണറായ ഹെന്‍റി നിക്കോള്‍സിനെ ബൗള്‍ഡാക്കിയ അര്‍ഷ്ദീപ് ഞെട്ടിച്ചു.
ന്യൂബോളില്‍ സ്വിംഗ് കണ്ടെത്താനും വിക്കറ്റെടുക്കാനുമുള്ള അർഷ്ദീപിന്‍റെ മികവ് ഒരിക്കര്‍ കൂടി അടിവരയിടുന്നതായിരുന്നു നിക്കോള്‍സിന്‍റെ വിക്കറ്റ്. സ്വിംഗ് ചെയ്തുവന്ന പന്ത് ലീവ് ചെയ്യണോ ബാറ്റ് വെക്കണോ എന്ന് സംശയിച്ചുനിന്ന നിക്കോള്‍സിന്‍റെ ബാറ്റില്‍ തട്ടിയ പന്ത് സ്റ്റംപിളക്കി. തന്‍റെ ആദ്യ സ്പെല്ലിസ്‍ 5 ഓവറില്‍ 24 റണ്‍സ് വഴങ്ങി അര്‍ഷ്ദീപ് ഒരു വിക്കറ്റെടുത്തതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.
ന്യൂബോളില്‍ വിക്കറ്റെടുക്കാന്‍ മികവുള്ള അര്‍ഷ്ദീപ് ആദ്യ രണ്ട് കളികളിലും പുറത്തിരുത്തി ഗംഭീറിന്‍റെ മണ്ടൻ തീരുമാനത്തെയാണ് ആരാധകര്‍ ചോദ്യം ചെയ്തത്. ബുമ്രക്ക് ശേഷം ഇന്ത്യ കണ്ട മികച്ച ന്യൂബോള്‍ ബൗളറാണ് അര്‍ഷ്ദീപ് എന്നും ആദ്യ രണ്ട് കളികളിലും പ്രസിദ്ധ് കൃഷ്ണയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ഗംഭീറിന്‍റെ മണ്ടൻ തീരുമാനമാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.


