Virat Kohli : നായക സ്ഥാനമൊഴിയല്‍; കോലിയെ പ്രേരിപ്പിച്ചത് ടീമിലെ പ്രശ്നങ്ങള്‍? പാക് മുന്‍താരം പറയുന്നത്

By Web TeamFirst Published Jan 16, 2022, 4:52 PM IST
Highlights

ടീമിലെ പ്രശ്നങ്ങള്‍ കോലിയുടെ രാജിക്ക് പിന്നിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്

മുംബൈ: ടീം ഇന്ത്യയുടെ (Team India) ഏറ്റവും മികച്ച ടെസ്റ്റ് നായകന്‍ എന്ന ഖ്യാതിയുള്ള വിരാട് കോലി (Virat Kohli) ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത് ഉചിതസമയത്തല്ലെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് (Salman Butt). പരിശീലക സംഘം മാറിയതും വിവാദങ്ങളുമെല്ലാം 33 വയസ് മാത്രമുള്ള കോലിയെ ക്യാപ്റ്റന്‍റെ കുപ്പായമൂരാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും എന്ന് ബട്ട് പറഞ്ഞു. 

'ട്വിറ്ററിലെ കത്ത് കണ്ടപ്പോള്‍ തോന്നിയത് കോലിക്ക് മതിയായിയെന്നാണ്. താരങ്ങള്‍ സ്ഥാനമൊഴിയുന്ന പ്രായമല്ല ഇത്. ഞാന്‍ എന്‍റെ ദൌത്യം പൂർത്തിയാക്കി, ഇനിയാരെങ്കിലും ഏറ്റെടുക്കൂ. ക്രിക്കറ്റ് പൂർണമായും ഉപേക്ഷിക്കുകയല്ല, അഞ്ച് വർഷം കൂടി കോലിയില്‍ കരിയർ അവശേഷിക്കുന്നുണ്ട്. ടീമിലെ എല്ലാക്കാര്യങ്ങളും നന്നായല്ല പോകുന്നത് എന്ന് തോന്നുന്നു. സമാന ചിന്താഗതിക്കാരുടെ അഭാവമായിരിക്കാം മറ്റൊരു കാരണം. ഒരു യന്ത്രത്തെപ്പോലെയാണ് രവി ശാസ്ത്രിയുടെ പരിശീലക സംഘം കോലിയുമായി ചേർന്ന് പ്രവർത്തിച്ചത്. പരിശീലക സംഘത്തിലെ മാറ്റവും വിഷയമായിരിക്കാം' എന്നും ബട്ട് കൂട്ടിച്ചേർത്തു. 

ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലി. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയ ശതമാനം. മൊത്തത്തില്‍ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ നയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ചതും കോലിയാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ കോലി നായകസ്ഥാനം രാജിവെക്കുകയായിരുന്നു. 

ടീമിലെ പ്രശ്നങ്ങള്‍ കോലിയുടെ രാജിക്ക് പിന്നിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ഇന്ത്യ പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിക്കും. നിലവില്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മ കോലിക്ക് പകരക്കാരനാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. 

Virat Kohli Quits Test Captaincy : വിരാട് കോലിയുടെ നേട്ടങ്ങള്‍ പിന്‍ഗാമിക്ക് തലവേദന; വാഴ്ത്തി ആർ അശ്വിന്‍

click me!