ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന ഖ്യാതിയോടെയാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്
മുംബൈ: ടീം ഇന്ത്യയുടെ (Team India) ടെസ്റ്റ് നായകപദവിയൊഴിഞ്ഞ വിരാട് കോലിക്ക് (Virat Kohli) ഹൃദയസ്പർശിയായ പ്രശംസയുമായി സഹതാരം രവിചന്ദ്ര അശ്വിന്‍ (R Ashwin). പുതിയ ബഞ്ച് മാർക്ക് സൃഷ്ടിച്ച നായകനാണ് കോലിയെന്നും വരുംകാല നായകന്‍മാർക്ക് അവിടെ നിന്നേ തുടങ്ങാനാകൂ എന്നും അശ്വിന്‍ പറഞ്ഞു.
'കീഴടക്കിയ റെക്കോർഡുകളുടെയും വിജയങ്ങളുടേയും പേരിലാണ് ക്രിക്കറ്റ് നായകന്‍മാർ എക്കാലവും ഓർമ്മിക്കപ്പെടുന്നത്. നിങ്ങള്‍ പടുത്തുയർത്തിയ ബഞ്ച് മാർക്കിന്‍റെ പേരിലാകും കോലി അറിയപ്പെടുക. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും നേടിയ വിജയങ്ങള്‍ ആരാധകർ ചർച്ച ചെയ്യും. വലിയ ഉയരങ്ങള്‍ കീഴടക്കാനുള്ള അടയാളം വരും തലമുറയ്ക്ക് നീക്കിവച്ചാണ് കോലി നായകന്‍റെ കുപ്പായമഴിക്കുന്നത്. അതാണ് പിന്‍ഗാമിക്ക് കോലി നല്‍കുന്ന തലവേദന' എന്നും അശ്വന്‍ കൂട്ടിച്ചേർത്തു.
ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന ഖ്യാതിയോടെയാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 58.82-ാണ് ടെസ്റ്റില്‍ കോലിയുടെ വിജയ ശതമാനം. ആകെ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ ജയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ചത് കോലിയാണ്.
ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ളത് കോലിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. ടി20 നായകപദവി ലോകകപ്പിന് ശേഷം ഒഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് നീക്കിയിരുന്നു. ഏകദിന ക്യാപ്റ്റന്‍സി മാറ്റം സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിരാട് കോലിയും തമ്മില്‍ വാക്‌പോര് വരെയുണ്ടായി.
