ന്യൂസിലന്‍ഡിന് സോധിയുണ്ട്, ഇന്ത്യക്ക് ആരുണ്ട്..? ടീം സെലക്ഷനിലെ അപാകത വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ താരം

By Web TeamFirst Published May 11, 2021, 11:49 PM IST
Highlights

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. എല്ലാവരും ഫിംഗര്‍ സ്പിന്നര്‍മാര്‍. ഒരു റ്വിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്.
 

കറാച്ചി: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനുള്ള ഇന്ത്യന്‍ ടീമില്‍ നാല് സ്പിന്നര്‍മാരാണുള്ളത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. എല്ലാവരും ഫിംഗര്‍ സ്പിന്നര്‍മാര്‍. ഒരു റ്വിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. റ്വിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് ടീമില്‍ വേണമായിരുന്നുവെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ പറയുന്നതും ഇക്കാര്യമാണ്. എന്നാല്‍ കനേരിയ പറഞ്ഞത് കുല്‍ദീപിന്റെ പേരല്ലെന്ന് മാത്രം. മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചാഹര്‍ ടീമില്‍ വേണമായിരുന്നുവെന്നാണ് കനേരിയ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ശക്തമായ ടീമിനെയാണ് ഇന്ത്യ തിരിഞ്ഞെടുത്തത്. എന്നാല്‍ ഒരു റ്വിസ്റ്റ് സ്പിന്നര്‍ ടീമില്‍ വേണമായിരുന്നു. അശ്വിന്‍, ജഡേജ, അക്‌സര്‍, സുന്ദര്‍ എന്നിവരെല്ലാം ഫിംഗര്‍ സ്പിന്നര്‍മാരാണ്. എന്നാല്‍ ഒരു റ്വിസ്റ്റ് സ്പിന്നറോ വലങ്കയ്യന്‍ ലെഗ് സ്പിന്നറൊ ടീമിലില്ല. ഇംഗ്ലണ്ടില്‍ കൗണ്ടി ടീമിന് കളിച്ചുള്ള പരിചയം എനിക്കുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളില്‍ എട്ട് വര്‍ഷം ഞാനവിടെ കളിച്ചു.

അതുകൊണ്ട് തന്നെ പറയട്ടെ, അവിടത്തെ പിച്ചുകള്‍ ലെഗ് സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നതാണ്. ലെഗ് സ്പിന്നറായ എനിക്ക് ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ നന്നായി പന്തെറിയാന്‍ കഴിഞ്ഞത് പിച്ചിന്റെ ഗുണം കൊണ്ടാണ്. ചാഹറിന്റെ ഉയരം, പന്തെറിയുന്ന രീതി. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അവന്‍ ടീമില്‍ വേണമായിരുന്നവെന്ന് ഞാന്‍ കരുതുന്നു. ന്യൂസിലന്‍ഡിന് ഇഷ് സോധിയുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പലപ്പോഴും ലെഗ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബുദ്ധിമുട്ടിയിട്ടുണ്ട്. അതുപോലെ ചാഹര്‍ ടീമിലുള്ളത് ഇന്ത്യയുടെ സാധ്യതകള്‍ വിശാലമാക്കുമായിരുന്നു. ഇനി ടീമിലെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ചാഹറിനെ ഇംഗ്ലണ്ടിലേക്ക് വിളിക്കണമെന്നാണ് എന്റെ അഭിപ്രായം.'' കനേരിയ പറഞ്ഞുനിര്‍ത്തി. 

പാകിസ്ഥാനായി 61 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കനേരിയ 261 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ പാകിസ്ഥാനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നറും കനേരിയ തന്നെ. കഴിഞ്ഞ ആഴ്ച്ചയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ജൂണ്‍ 18നാണ്  ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങുന്ന പരമ്പരയും കളിക്കും. ഓഗസ്റ്റ് നാലിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

click me!