
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിനേയും ടീമിനേയും വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ. രാജ്യത്തെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീം കേരളമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും മുഖ്യ സെലക്ടറുമായിരുന്ന കിരണ്‍ മോറെ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടിങ് സംഘത്തിന്റെ തലവന്‍ കൂടിയാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ ആരുമാരും ശ്രദ്ധിക്കാതെ പോകുമായിരുന്ന പ്രതിഭകളെ കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സാധിച്ചിരുന്നു. ജസ്പ്രി ബുമ്ര മുതല്‍ വരുണ്‍ ചക്രവര്‍ത്തിയും തിലക് വര്‍മയും വരെ ഇന്ത്യന്‍ ടീമിലെത്തിയത് ഐപിഎല്ലിലൂടെയാണ്. ക്രിക്കറ്ററുടെ തലവര മാറ്റുന്ന ലീഗിലേക്ക് കേരളത്തിന്റെ താരങ്ങള്‍ക്ക് കെസിഎല്‍ വഴിയൊരുക്കുമെന്ന് ഉറപ്പാണ്. മികവുളളവരെ തേടി ഫ്രാഞ്ചൈസികള്‍ കളികാണാനുണ്ട്. വിഘ്‌നേശ് പുത്തൂരിനെ ആദ്യ സീസണില്‍ റാഞ്ചിയ മുംബൈ ഇന്ത്യന്‍സിനായി എത്തിയത് മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ.
കേരള ക്രിക്കറ്റിനെ കുറിച്ച് മുന്‍ ദേശീയ ടീം സെലക്ടര്‍ കൂടിയായ മോറെയ്ക്ക് നൂറ് വാക്ക്. മോറെയുടെ വാക്കുകള്‍... ''രാജ്യത്തെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീമാണ് കേരളമെന്നതില്‍ സംശയമില്ല. നിലവാരമുള്ള ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ ഒരുപാട് സൗകര്യങ്ങള്‍ കേരളത്തിലുണ്ട്. അതില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വലിയ പങ്കുണ്ട്. ഞാന്‍ രാജ്യത്തെ ഒരുപാട് ടൂര്‍ണമെന്റുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ആഭ്യന്തര ക്രിക്കറ്റ് ലീഗാണ് കെസിഎല്‍.'' മോറെ പറഞ്ഞു.
സഞ്ജു സാംസണെ മോറെ ഉപമിക്കുന്നത് രോഹിത് ശര്‍മയുടെ ബാറ്റിങ് മികവിനോട്. ''നല്ല ടൈമിംഗുള്ള ബാറ്ററാണ് സഞ്ജു. രോഹിത് ശര്‍മയ്ക്കുള്ള ഒരു ക്ലാസ് സഞ്ജുവിനുണ്ട്. സഞ്ജുവിന്റെ ബാറ്റിംഗ് അത്രത്തോളം ആസ്വാദ്യകരമാണ്. ഭാവിയില്‍ ചിലപ്പോള്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടി ആയേക്കാം.'' മോറെ കൂട്ടിചേര്‍ത്തു. മോറെ മാത്രമല്ല, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകളുടെ സ്‌കൗട്ടിങ് സംഘങ്ങളും ഗ്രീന്‍ഫീല്‍ഡിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!