
ലോര്‍ഡ്‌സ്: ബാറ്റിംഗ് ഫോമില്ലായ്‌മയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) വിന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ കളിക്കില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. കോലിക്ക് വിശ്രമം അനുവദിക്കുന്നതിനെതിരെ പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ സെലക്‌ടര്‍ സരന്‍ദീപ് സിംഗ്(Sarandeep Singh). കോലിക്ക് വിശ്രമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'വിശ്രമം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്ന് പിടികിട്ടുന്നില്ല. സെഞ്ചുറികള്‍ നേടുമ്പോള്‍ മാത്രമാണ് വിശ്രമം എടുക്കാന്‍ കഴിയുക. കഴിഞ്ഞ മൂന്ന് മാസമായി കളിച്ച് നാലഞ്ച് സെഞ്ചുറികളൊക്കെ നേടിയാല്‍ കോലിക്ക് വിശ്രമം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തനിക്ക് വിശ്രമം വേണമെന്ന് അപ്പോള്‍ അദ്ദേഹത്തിന് ആവശ്യപ്പെടാം. ഐപിഎല്ലിന് മുമ്പ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കോലി കളിച്ചു. ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിച്ചില്ല. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയും കളിച്ചില്ല. വിശ്രമം എടുത്ത് പുറത്തിരിക്കുന്നത് ഫോമിലേക്ക് മടങ്ങിയെത്താന്‍ താരത്തെ സഹായിക്കില്ല' എന്നും സരന്‍ദീപ് സിംഗ് എന്‍ഡിടിവിയോട് പറഞ്ഞു.
ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോര്‍ഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബോളില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ബട്‌ലര്‍ പിടികൂടി. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമേ എടുത്തുള്ളൂ. ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന് ജയിച്ച ഇന്ത്യക്ക് കോലിയുടെ ബാറ്റിംഗ് പരാജയം ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ തോല്‍വിക്ക് ആക്കംകൂട്ടിയിരുന്നു. രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്‍റെ തോല്‍വിയാണ് രോഹിത് ശര്‍മ്മയും സംഘവും വഴങ്ങിയത്. ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം കോലി കളിച്ചിരുന്നില്ല.
ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ.
Virat Kohli : വിരാട് കോലിക്ക് ഇടവേള അനിവാര്യം; കാരണം വ്യക്തമാക്കി മൈക്കല്‍ വോണ്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!