ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലും കിംഗിന് കാലിടറിയതോടെ താരത്തിന് ഒരിടവേള അനിവാര്യമാണെന്ന് മുന്‍താരം 

ലോര്‍ഡ്‌സ്: റണ്‍മെഷീന്‍ എന്ന് ഏറെ വാഴ്‌ത്തപ്പെട്ട ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) ബാറ്റ് പിടിക്കാന്‍ ഇപ്പോള്‍ പാടുപെടുകയാണ്. കരിയറിലെ ഏറ്റവും മോശം ഫോമിന്‍റെ ദൈര്‍ഘ്യം കൂട്ടി ഇംഗ്ലണ്ട് പര്യടനത്തില്‍(India Tour of England 2022) ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും കോലിക്ക് കണ്ണുകളും കൈകളും പിഴയ്‌ക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലും(ENG vs IND 2nd ODI) കിംഗിന് കാലിടറിയതോടെ താരത്തിന് ഒരിടവേള അനിവാര്യമാണെന്ന് പറയുകയാണ് ഇംഗ്ലണ്ട് മുന്‍ നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍(Michael Vaughan). 

'കോലി എപ്പോള്‍ ബാറ്റ് ചെയ്യുമ്പോഴും ഓക്കെയായാണ് എനിക്ക് തോന്നീട്ടുള്ളത്. ഫോമിലേക്കെത്തുമ്പോള്‍ അദ്ദേഹം നിങ്ങളെ അമ്പരപ്പിക്കും. കോലിയുടെ മൂവ്‌മെന്‍റിലോ സാങ്കേതികതയിലോ ഞാന്‍ പ്രശ്‌നങ്ങള്‍ കാണുന്നില്ല. സാന്ദര്‍ഭികമായി മാത്രം പിഴവുകള്‍ വരുത്തുന്നത് ശ്രദ്ധക്കുറവ് കാരണമാകാം. ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ, കോലിക്ക് ക്രിക്കറ്റില്‍ നിന്നൊരു ഇടവേള വേണം' എന്നും മൈക്കല്‍ വോണ്‍ ക്രിക്‌ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു. ഫോം കണ്ടെത്താന്‍ പാടുപെടുന്ന കോലിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കണം എന്നുവരെ മുറവിളി ഉയരുമ്പോഴാണ് വോണിന്‍റെ നിരീക്ഷണങ്ങള്‍. 

വീണ്ടും വീണ്ടും ഉന്നംപിഴയ്ക്കുന്ന കോലി

ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോര്‍ഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബോളില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ‌ബട്‌ലര്‍ പിടികൂടി. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമേ എടുത്തുള്ളൂ. ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം കോലി കളിച്ചിരുന്നില്ല. 

ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ.

കോലിയുടെ ദിനമെന്ന് ആദ്യ ട്വീറ്റ്, കിംഗ് പുറത്തായതും എയറില്‍; ഒടുവില്‍ ഒറ്റവാക്കില്‍ തടിയൂരി സെവാഗ്