
കേപ്ടൗണ്‍: ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏഷ്യാകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് കോലി കളിക്കുക. ടൂര്‍ണമെന്റില്‍ കോലിക്ക് തിളങ്ങാനായില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. അത്രയും മോശം ഫോമിലൂടെയാണ് കോലി കടന്നുപോകുന്നത്. കോലിക്ക് പകരം വന്നവരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ഏഷ്യാകപ്പില്‍ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് കോലിക്ക് അനിവാര്യമാണ്.
ഇതിനിടെ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഉറ്റ സുഹൃത്തും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ എബി ഡിവില്ലിയേഴ്‌സ്. എബിഡിയുടെ വാക്കുകള്‍... ''ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട്. ഫോം താല്‍കാലികം മാത്രമാണ്, എന്നാല്‍ ക്ലാസ് ശാശ്വതവും. വിരാട് ലോകോത്തര ക്രിക്കറ്ററാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. വിരാടിനെ കാലങ്ങളായി എനിക്ക് അടുത്തറിയാം. മോശം ഫോമിനിടയില്‍, കഠിനാധ്വാനം ചെയ്യുന്നതിന് കുറിച്ച് അദ്ദേഹത്തോട് പ്രത്യേകം പറയേണ്ടതില്ല.'' ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരായ പരമ്പരയില്‍ കോലിക്ക് വിശ്രമം നല്‍കിയിരുന്നു. കഴിഞ്ഞ 33 മാസങ്ങള്‍ക്കിടെ ഒരു ഇന്റര്‍നാഷണല്‍ സെഞ്ചുറി പോലും കോലിക്ക് സാധിച്ചിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കോലി അവസാന സെഞ്ചുറി നേടിയത്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
അവസാനം കളിച്ച ഇംഗ്ലണ്ട് പര്യടനത്തില്‍ പരിതാപകരമായിരുന്നു കോലിയുടെ പ്രകടനം. രണ്ട് ടി20 മത്സരങ്ങളില്‍ 12 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചത്. ഏകദിനത്തില്‍ 16, 17 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. പാകിസ്ഥാനെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള കോലി നിരാശപ്പെടുത്തില്ലെന്ന് ആരാധകരും വിശ്വസിക്കുന്നു. കോലിയാവട്ടെ ഫോം കണ്ടെത്താനുള്ള കടുത്ത പരിശീലനത്തിലുമാണ്. ടീം വൈകാതെ ഏഷ്യാ കപ്പിനായി യുഎഇയിലേക്ക് യാത്ര തിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!