
ഹരാരെ: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിംബാബ്‌വെ ഓപ്പണര്‍ക്ക് ആദ്യ പന്തില്‍ തന്നെ 'മങ്കാദിംഗ്' മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍. ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ സിംബാബ്‌വെക്കായി കെയ്റ്റാനോയും ഇന്നസെന്‍റ് കൈയയുമാണ് ഇന്നിംഗ്സ് തുടങ്ങാനെത്തിയത്. കെയ്റ്റാനോ സ്ട്രൈക്ക് ചെയ്തപ്പോള്‍ ഇന്നസെന്‍റ് കൈയ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലായിരുന്നു.
ആദ്യ പന്തെറിയാനായി ദീപക് ചാഹര്‍ ക്രീസിനടുത്ത് എത്തിയപ്പോഴാണ് ഇന്നസെന്‍റ് ക്രീസ് വിട്ട് മുന്നോട്ടു പോകുന്നത് കണ്ടത്. ഇതോടെ പന്തെറിയാതെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ ബെയില്‍സ് തെറിപ്പിച്ചശേഷം ചാഹര്‍ അപ്പീല്‍ ചെയ്യാതെ മടങ്ങി. ഈ സമയം ഇന്നസെന്‍റ് ക്രീസിന് പുറത്തായിരുന്നെങ്കിലും അപ്പീല്‍ ചെയ്യാത്തതിനാല്‍ അമ്പയര്‍ ഔട്ട് വിളിച്ചില്ല. സിംബാബ്‌വെ താരത്തിന് മുന്നറിയിപ്പ് നല്‍കുക മാത്രമായിരുന്നു ചാഹറിന്‍റെ ലക്ഷ്യം.
റണ്‍ ഔട്ടില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇന്നസെന്‍റ് ചാഹറില്‍ നിന്ന് രക്ഷപ്പെട്ടില്ല. തന്‍റെ രണ്ടാം ഓവറില്‍ ഇന്നസെന്‍റിനെ ചാഹര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒമ്പത് പന്തില്‍ ആറ് റണ്‍സായിരുന്നു സിംബാബ്‌വെ ഓപ്പണറുടെ നേട്ടം.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന കാലത്ത് ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ജോസ് ബട്‌ലറെ മങ്കാദിംഗ് രീതിയില്‍ റണ്‍ ഔട്ടാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അശ്വിന്‍റേത് മാന്യതയില്ലാത്ത കളിയെന്നായിരുന്നു ആരോപണം എന്നാല്‍ ഇനിയും അവസരം ലഭിച്ചാല്‍ താന്‍ മങ്കാദിംഗ് നടത്തുമെന്ന് അശ്വിന്‍ ഉറച്ച നിലപാടെടുത്തു. മങ്കാദിംഗ് നിയമവിധേയമായിരുന്നെങ്കിലും പലപ്പോഴും ബൗളര്‍മാര്‍ താക്കീതില്‍ ഒതുക്കുകയാണ് പതിവ്. വീണ്ടും ആവര്‍ത്തിച്ചാല്‍ മാത്രമെ മങ്കാദിംഗ് ചെയ്യാറുള്ളു.
അവനോട് ഞാന്‍ പറഞ്ഞതാണ് ചെയ്യരുതെന്ന്, പക്ഷെ; ഷഹീന്‍ അഫ്രീദിയുടെ പരിക്കിനെക്കുറിച്ച് ഷാഹിദ് അഫ്രീദി
ഈ വര്‍ഷം മാര്‍ച്ചില്‍ ക്രിക്കറ്റ് നിയമങ്ങളുടെ സൃഷ്ടാക്കളായ എംസിസി മങ്കാദിംഗ് എന്ന പേരില്‍ അറിയിപ്പെട്ടിരുന്ന ഈ പുറത്താകലിന്‍റെ പേര് മാന്യതയല്ലാത്ത കളിയെന്നത് മാറ്റി റണ്‍ ഔട്ട് എന്നാക്കി പരിഷ്കരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!