
അഹമ്മദാബാദ്: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് ഇന്ന് ജീവൻമരണ പോരാട്ടമാണ്. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (GT) ചെന്നൈക്ക് ജയം അനിവാര്യമാണ്. എന്നാൽ മത്സരത്തിന് മുന്നോടിയായി സിഎസ്‌കെ ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണിനെ വീഴ്ത്താൻ ഗുജറാത്തിന് വ്യക്തമായ തന്ത്രങ്ങളുണ്ടെന്ന മുന്നറിയിപ്പ് നല്‍കുകയാണ് മുൻ താരങ്ങള്‍.
ഗുജറാത്ത് പേസർമാരായ കാഗിസോ റബാഡയും മുഹമ്മഡ് സിറാജും ചേർന്ന് സഞ്ജുവിനെ പവര്‍ പ്ലേ കടക്കും മുമ്പ് തന്നെ പൂട്ടുമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം മാർക്ക് ബൗച്ചറും മുൻ ആർസിബി കോച്ച് സഞ്ജയ് ബാംഗറും പ്രവചിച്ചു. സ്റ്റാർ സ്‌പോർട്‌സ് ചർച്ചയിൽ സംസാരിക്കവെയാണ് മാർക്ക് ബൗച്ചറും ബംഗാറും ഇന്നത്തെ മത്സരത്തില്‍ സഞ്ജുവിന്‍റെ പുറത്താകലിനെക്കുറിച്ച് പ്രവചിച്ചത്.
പവർപ്ലേയിലെ ആദ്യ ആറോവറുകളിൽ ലോകോത്തര പേസ് ബൗളിംഗാവും സഞ്ജുവിന് നേരിടേണ്ടി വരിക. അവിടെ കാര്യങ്ങൾ ഗുജറാത്തിന് അനുകൂലമാകാനാണ് സാധ്യത. റബാഡയോ സിറാജോ സഞ്ജുവിന്‍റെ തല ലക്ഷ്യമിട്ട് (ഷോർട്ട് പിച്ച് പന്തുകൾ) ഒന്നോ രണ്ടോ പന്തുകൾ എറിയും. ഇതിനെ പ്രതിരോധിക്കാൻ സഞ്ജു ബാക്ക് ഫൂട്ടിലേക്ക് പോകുമ്പോൾ പന്തിന്‍റെ നേരിയ മൂവ്‌മെന്‍റിൽ എഡ്ജ് ചെയ്ത് കീപ്പർക്കോ സ്ലിപ്പിലോ ക്യാച്ച് നൽകി പുറത്താകാൻ വലിയ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ സഞ്ജു തിളങ്ങുമെന്ന് എനിക്ക് തോന്നുന്നില്ല-ബൗച്ചര്‍ വ്യക്തമാക്കി.
അഹമ്മദാബാദിലെ പിച്ച് പേസർമാരെ തുണയ്ക്കുന്നതാണെന്നും തീപ്പൊരി പന്തുകളുമായി വരുന്ന റബാഡയെയും സിറാജിനെയും സഞ്ജു ആക്രമിച്ചു നേരിടാൻ ശ്രമിക്കുന്നത് തിരിച്ചടിയാകുമെന്നും ബൗച്ചർ കൂട്ടിച്ചേർത്തു. ഈ സീസണിൽ സഞ്ജു ഒന്നോ രണ്ടോ തവണ ഷോർട്ട് പന്തുകളിൽ പുറത്തായിട്ടുണ്ടെന്നും ഗുജറാത്ത് ബൗളർമാർ ഇത് മുതലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പവർപ്ലേ കടന്നുകൂടിയാൽ സഞ്ജുവിന് രക്ഷയുണ്ട്: സഞ്ജയ് ബംഗാർ
മുൻ ആർസിബി പരിശീലകൻ സഞ്ജയ് ബംഗാറും സഞ്ജുവിന് മുന്നിലുള്ള കടുത്ത വെല്ലുവിളിയെക്കുറിച്ച് സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. പവർപ്ലേയിൽ റബാഡയും സിറാജും മൂന്ന് ഓവർ വീതം എറിയാൻ സാധ്യതയുണ്ടെന്നും ഇത് സഞ്ജുവിനെ കടുത്ത പരീക്ഷണത്തിലാക്കുമെന്നും ബംഗാർ പറഞ്ഞു. റബാഡയും സിറാജും ഉള്ളപ്പോൾ ക്രീസിൽ അധികം മൂവ്‌മെന്‍റ് നടത്താൻ സഞ്ജുവിന് കഴിയില്ല. സഞ്ജുവിനെ എവിടെ എറിഞ്ഞ് വീഴ്ത്തണമെന്ന് അവർക്ക് കൃത്യമായി അറിയാം. റബാഡ പന്ത് അൽപം പിന്നിലേക്ക് കുത്തിച്ച് എക്സ്ട്രാ ബൗൺസ് ഉണ്ടാക്കി സഞ്ജുവിനെക്കൊണ്ട് പുൾ ഷോട്ടുകൾ കളിപ്പിക്കാൻ പ്രേരിപ്പിക്കും. സിറാജാകട്ടെ ഔട്ട് സ്വിംഗറുകളിലൂടെ എഡ്ജ് കണ്ടെത്താനോ ഇൻസ്വിംഗറിലൂടെ ബാറ്ററെ ബീറ്റ് ചെയ്യാനോ നോക്കും. എന്നാൽ പവർപ്ലേയിലെ ഈ വെല്ലുവിളി കടന്നുകിട്ടിയാല്‍ സഞ്ജുവിന് അഹമ്മദാബാദിൽ തകർത്തടിക്കാൻ സാധിക്കുമെന്നും ബംഗാര്‍ പറഞ്ഞു.
ഗുജറാത്തിനെതിരെയുള്ള ഈ മത്സരം തോറ്റാൽ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി ചെന്നൈ ഏഴാം സ്ഥാനത്താണ്. ജീവന്‍മരണപ്പോരില്‍ ചെന്നൈയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ സഞ്ജു സാംസണിലാണ്. ഈ സീസണിൽ 13 ഇന്നിംഗ്സുകളിൽ നിന്ന് 166.20 സട്രൈക്ക് റേറ്റിൽ 477 റൺസ് അടിച്ചുകൂട്ടി സഞ്ജുവാണ് നിലവിൽ സിഎസ്‌കെയുടെ ടോപ്പ് സ്‌കോറർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!