ചതുര്‍ദിന ടെസ്റ്റ്; നിലപാട് വ്യക്തമാക്കി വിരാട് കോലി

By Web TeamFirst Published Jan 4, 2020, 6:48 PM IST
Highlights

ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ അതിന്റെ വലിയ ആരാധകനല്ല. ഇത് ശരിയായ ദിശയിലുള്ള പോക്കായി കാണാനുമാകില്ല. കാരണം ഇങ്ങനെ പോയാല്‍ ഭാവിയില്‍ ത്രിദിന ടെസ്റ്റും വരും

ഗുവാഹത്തി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി 2023 മുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമാക്കി കുറക്കാനുള്ള ഐസിസി നിര്‍ദേശത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുപാട് പരിഷ്കാരം കൊണ്ടുവരുന്നത് തിരിച്ചടിയാകുമെന്ന് കോലി പറഞ്ഞു. ശ്രീലങ്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോലി ചതുര്‍ദിന ടെസ്റ്റിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.

ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തെക്കുറിച്ച് പറഞ്ഞാല്‍ ഞാന്‍ അതിന്റെ വലിയ ആരാധകനല്ല. ഇത് ശരിയായ ദിശയിലുള്ള പോക്കായി കാണാനുമാകില്ല. കാരണം ഇങ്ങനെ പോയാല്‍ ഭാവിയില്‍ ത്രിദിന ടെസ്റ്റും വരും. അപ്പോള്‍ ഇത് എവിടെചെന്നു നില്‍ക്കും. എന്നിട്ട് ടെസ്റ്റ് ക്രിക്കറ്റ് അപ്രത്യക്ഷമാകുന്നു എന്നും പറയും. അതുകൊണ്ടുതന്നെ ഇത്തരം നിര്‍ദേശത്തെ ഒരിക്കലും പിന്തുണക്കില്ലെന്നും കോലി പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ആരംഭം മുതല്‍ അഞ്ച് ദിവസമുള്ള മത്സരങ്ങളാണ്. ക്രിക്കറ്റില്‍ ഏറ്റവും കടുപ്പമേറിയ പോരാട്ടം നടക്കന്നയിടമാണ്. അതുകൊണ്ടുതന്നെ അതില്‍ മാറ്റം വരുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല-കോലി പറഞ്ഞു. ചതുര്‍ദിന ടെസ്റ്റ് എന്ന നിര്‍ദേശത്തിനെതിരെ ഗ്ലെന്‍ മക്ഗ്രാത്ത് ഉള്‍പ്പെടെയുള്ള താരങ്ങളും നേരത്തെ രംഗത്തുവന്നിരുന്നു. അതേസമയം, ഐസിസി ആശയത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ പിന്തുണച്ചിട്ടുണ്ട്. ബിസിസിഐ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന 100 ബോള്‍ ക്രിക്കറ്റിനെതിരെയും മുമ്പ് കോലി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റിന്റെ അമിത വാണിജ്യവല്‍ക്കരമം കളിയുടെ നിലവാരം ഇടിക്കുമെന്നായിരുന്നു 100 ബോള്‍ ടൂര്‍ണമെന്റിനെക്കുറിച്ച് കോലി 2018ല്‍ പറഞ്ഞത്.

click me!