
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ അപരാജിതര്‍ തമ്മിലുള്ള സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കൻ പേസിനു മുന്നിൽ അടിപതറി 81-7ലേക്ക് കൂപ്പുകുത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റൊമാരിയോ ഷെപ്പേര്‍ഡിന്‍റെയും ജേസണ്‍ ഹോള്‍ഡറുടെയും ബാറ്റിംഗ് മികവിസാണ് മികച്ച സ്കോറിലെത്തിയത്. 37 പന്തില്‍ 52 റണ്‍സുമായി ഷെപ്പേര്‍ഡ് പുറത്താകാതെ നിന്നപ്പോള്‍ ഹോള്‍ഡര്‍ 31 പന്തില്‍ 49 റൺസെടുത്തു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റബാഡയും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിരക്ക് ക്യാപ്റ്റൻ ഷായ് ഹോപ്പും ബ്രാന്‍ഡന്‍ കിംഗും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ആദ്യ രണ്ടോവറില്‍ ഇരുവരും ചേര്‍ന്ന് 29 റണ്‍സെടുത്തു. എന്നാല ഷായ് ഹോപ്പിനെ(6 പന്തില്‍ 16) മടക്കി റബാഡ കൂട്ടുകെട്ട് പൊളിച്ചതോടെ വിന്‍ഡീസിന്‍റെ തകര്‍ച്ച തുടങ്ങി. മൂന്നാം നമ്പറിലെത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയറെ(2)യും റബാഡ മടക്കി. ബ്രാന്‍ഡന്‍ കിംഗിനെയും(11 പന്തില്‍ 21), റോവ്മാന്‍ പവലിനെയും(11 പന്തില്‍ 9), റോസ്റ്റൻ ചേസിനെയും പിന്നാലെ വീഴ്ത്തിയ എന്‍ഗിഡി വിന്‍ഡീസിന്‍റെ നടുവൊടിച്ചു. ഷെറഫൈൻ റൂഥര്‍ഫോര്‍ഡും ജേസണ്‍ ഹോള്‍ഡറും പ്രതീക്ഷ നല്‍കിയെങ്കിലും റൂഥര്‍ഫോര്‍ഡിനെ(10 പന്തില്‍ 12)യും മാത്യു ഫോര്‍ഡിനെയും(9 പന്തില്‍ 11) കോര്‍ബിന്‍ ബോഷ് വീഴ്ത്തിയതോടെ വിൻഡീസ് 83-7ലേക്ക് കൂപ്പുകുത്തി.
പിന്നീട് റൊമാരിയോ ഷെപ്പേര്‍ഡും ജേസണ്‍ ഹോള്‍ഡറും ചേര്‍ന്നുള്ള എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. ഹോള്‍ഡർ നാലു ഫോറും മൂന്ന് സിക്സും പറത്തിയപ്പോള്‍ ഷെപ്പേര്‍ഡ് മൂന്ന് ഫോറും നാലു സിക്സും പറത്തി അവസാന പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
ഈ മത്സരത്തിന്‍റെ ഫലം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. വെസ്റ്റ് ഇൻഡീസ് തോറ്റാല്‍ ഇന്ത്യയുടെ സാധ്യതകൾ വര്‍ധിക്കും. വിൻഡീസ് വിജയിക്കുകയാണെങ്കിൽ റണ്‍റേറ്റിലെ കണക്കുകൂട്ടലുകൾ ഇന്ത്യക്ക് സങ്കീർണ്ണമാകും. ദക്ഷിണാഫ്രിക്കയുടെ വമ്പൻ ജയം ഇന്ത്യയുടെ സെമി പ്രവേശനത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!