സ്റ്റോപ്പ് ക്ലോക്ക് മുതൽ ഉമിനീർ പ്രയോ​ഗം വരെ! ക്രിക്കറ്റിൽ ഇനി അടിമുടി മാറ്റങ്ങൾ

Published : Jun 26, 2025, 07:06 PM IST
Cricket

Synopsis

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന മത്സരങ്ങളിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങളുണ്ട്. 

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റ് നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്ന സമയമാണിത്. സ്റ്റോപ്പ് ക്ലേക്ക്, ഉമിനീര് ഉപയോ​ഗവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ എന്നിവയാണ് ഇതിൽ ശ്രദ്ധേയം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സൈക്കിളിൽ (2025-27) ഇവയിൽ ചിലത് ഇതിനോടകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ടെങ്കിലും വൈറ്റ്-ബോൾ ക്രിക്കറ്റുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ജൂലൈ 2 മുതലാണ് നടപ്പിലാകുക. പുതിയ നിയമപ്രകാരം ഏകദിനത്തില്‍ 35-ാം ഓവറിന് ശേഷം ഒരു ബോള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇഎസ്പിഎൻക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ്പ് ക്ലോക്ക്

വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ സ്റ്റോപ്പ് ക്ലോക്ക് അവതരിപ്പിച്ച് ഒരു വർഷത്തിനു ശേഷം ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ്പ് ക്ലോക്ക് നടപ്പിലാക്കുകയാണ് ഐസിസി. ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വളരെക്കാലമായി നിലനിൽക്കുന്ന ഒരു പ്രശ്നമാണ് കുറഞ്ഞ ഓവർ നിരക്ക്. സ്റ്റോപ്പ് ക്ലോക്ക് സംവിധാനം അനുസരിച്ച്, ഒരു ഓവർ അവസാനിച്ച് ഒരു മിനിറ്റിനുള്ളിൽ ഫീൽഡിംഗ് ടീം അടുത്ത ഓവർ ആരംഭിക്കാൻ തയ്യാറായിരിക്കണം. ഇതിന് സാധിച്ചില്ലെങ്കിൽ അമ്പയർമാർ രണ്ട് തവണ മുന്നറിയിപ്പ് നൽകും. ഇതിന് ശേഷം, ബൗളിംഗ് ടീമിന് അമ്പയർമാർ അഞ്ച് റൺസ് പെനാൽറ്റി ചുമത്തും. ഓരോ 80 ഓവറിന് ശേഷവും ഈ മുന്നറിയിപ്പുകള്‍ പുതുക്കുന്നതായിരിക്കും. കൂടാതെ, ക്ലോക്ക് 0 മുതൽ 60 വരെ മുന്നോട്ടാണ് സമയം രേഖപ്പെടുത്തുക. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ തുടക്കം മുതൽ ഈ നിയമം നിലവിലുണ്ട്.

മനഃപൂർവ്വം ഉമിനീർ ഉപയോഗിച്ചാൽ പന്ത് മാറ്റേണ്ടതില്ല

പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരുകയാണെങ്കിലും പന്തിൽ ഉമിനീർ കണ്ടെത്തിയാൽ ഉടൻ തന്നെ അമ്പയർമാർ അത് മാറ്റണമെന്ന് നിർബന്ധമില്ലെന്ന് ഐസിസി വ്യക്തമാക്കി. പന്ത് മാറ്റാനായി ടീമുകൾ മനഃപൂർവ്വം അതിൽ ഉമിനീർ പുരട്ടുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. മത്സരം പുരോ​ഗമിക്കവെ പന്തിന്റെ അവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടെങ്കിൽ മാത്രമേ അമ്പയർമാർ അത് മാറ്റേണ്ടതുള്ളൂ. ഇക്കാര്യം പൂർണ്ണമായും അമ്പയർമാരുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുന്നു. ഉമിനീര്‍ പുരട്ടിയിട്ടും പന്തില്‍ മാറ്റമൊന്നും വന്നില്ലെങ്കില്‍ ഇതേ പന്ത് തന്നെ ഉപയോഗിക്കുന്നത് തുടരാം. എന്നാല്‍ ബാറ്റിം​ഗ് ടീമിന് 5 റണ്‍സ് നല്‍കും.

ഡിആർഎസ് പ്രോട്ടോക്കോൾ - സെക്കൻഡറി റിവ്യൂ

ഇന്നത്തെ സാഹചര്യത്തിൽ ഒരു ബാറ്റര്‍ കീപ്പര്‍ ക്യാച്ചിലൂടെ പുറത്തായെന്ന് സങ്കൽപ്പിക്കുക. ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തെ ബാറ്റര്‍ റിവ്യൂവിലൂടെ ചോദ്യം ചെയ്യുന്നു. റിവ്യൂ പരിശോധിച്ചപ്പോൾ പന്ത് ബാറ്റിന് പകരം ബാറ്ററുടെ പാഡിലാണ് ഉരസിയതെന്ന് കണ്ടെത്തുന്നു. ഇതോടെ ബാറ്റര്‍ നോട്ട് ഔട്ട് ആണെന്ന തരത്തിലേയ്ക്ക് അമ്പയര്‍ തന്‍റെ തീരുമാനം മാറ്റുന്നു. എന്നാൽ, പുതിയ മാറ്റങ്ങൾ പ്രകാരം പന്ത് പാഡിൽ തട്ടിയതിനാൽ എൽബിഡബ്ല്യുവിനുള്ള സാധ്യത കൂടി പരിശോധിക്കും. ബോൾ ട്രാക്കിംഗ് പരിശോധിച്ച ശേഷം തേര്‍ഡ് അമ്പയര്‍ അന്തിമ തീരുമാനത്തിലേയ്ക്ക് എത്തും. ബോള്‍ ട്രാക്കിം​ഗ് പരിശോധനയില്‍ അമ്പയേഴ്‌സ് കോള്‍ ആണെങ്കില്‍ നേരത്തേ അമ്പയര്‍ ഔട്ട് നല്‍കിയത് പരിഗണിച്ച് ബാറ്റര്‍ ഔട്ടായതായി കണക്കാക്കും.

നോ ബോൾ - ക്യാച്ച് 

ഒരു നോബോളിൽ ക്യാച്ചിലൂടെ ബാറ്റര്‍ പുറത്താകുകയാണെങ്കിൽ സാധാരണ നിലയിൽ ക്യാച്ചിന്റെ ആധികാരികത പരിശോധിക്കാറില്ല. എന്നാൽ, പുതിയ നിയമം അനുസരിച്ച് ക്യാച്ച് കൃത്യമായി പൂര്‍ത്തിയാക്കിയോ എന്ന് പരിശോധിക്കും. ക്യാച്ചിൽ പ്രശ്നങ്ങളില്ലെങ്കിൽ ബാറ്റിംഗ് ടീമിന് നോബോളിന്റെ ഒരു റൺ മാത്രമേ ലഭിക്കൂ. ക്യാച്ചിൽ പ്രശ്നങ്ങൾ കണ്ടെത്തിയാൽ ബാറ്റര്‍മാര്‍ പൂര്‍ത്തിയാക്കിയ റണ്ണും ലഭിക്കും.

ഷോര്‍ട്ട് റൺ നിയമവും കടുപ്പിക്കുന്നു

ഒരു ബാറ്റര്‍ റണ്ണിനായി ഓടുകയും എന്നാൽ ക്രീസിൽ കൃത്യമായി കുത്താതിരിക്കുകയും ചെയ്താൽ അടുത്ത പന്ത് ഇവരിൽ ഏത് ബാറ്റര്‍ നേരിടണമെന്ന കാര്യം ഫീൽഡിംഗ് ടീം ക്യാപ്റ്റന് തീരുമാനിക്കാം. അഞ്ച് റൺസ് പെനാൽറ്റിയും ലഭിക്കും.

ആഭ്യന്തര ക്രിക്കറ്റിലെ ഫുൾടൈം പ്ലേയിംഗ് റീപ്ലേസ്മെന്റ്

ആഭ്യന്തര ക്രിക്കറ്റിൽ താരങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇക്കാര്യം മാച്ച് ഒഫീഷ്യലുകൾക്ക് ബോധ്യപ്പെടുകയും ചെയ്താൽ ടീമുകൾക്ക് മുഴുവൻ സമയ പകരക്കാരെ കളിപ്പിക്കാന്‍ സാധിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്