
ലണ്ടൻ: ഇംഗ്ലണ്ടിലെ 'ദി ഹണ്ട്രഡ്' താര ലേലത്തിൽ പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ സൺറൈസേഴ്സ് ലീഡ്‌സ് സ്വന്തമാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഉടമകളായ സൺ ഗ്രൂപ്പ് അബ്രാറിനെ ടീമിലെടുത്തതിനെതിരെ കടുത്ത പ്രതിഷേധമാണ് ഇന്ത്യയിൽ ഉയരുന്നത്. എന്നാൽ, ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിദേശ ലീഗ് ടീമുകളിൽ പാക് താരങ്ങൾ കളിക്കുന്നത് ഇതാദ്യമായല്ല എന്നതാണ് വസ്തുത.
ഷാരൂഖ് ഖാൻ, ജൂഹി ചൗള, ജയ് മേത്ത എന്നിവരുടെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹോദര ഫ്രാഞ്ചൈസിയായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സില്‍ രണ്ട് പാക് താരങ്ങളാണ് കളിക്കുന്നത്. പാക് പേസറായ മുഹമ്മദ് ആമിറും ലോകകപ്പില്‍ വിചിത്രമായ ആക്ഷന്‍റെ പേരില്‍ ശ്രദ്ധേയനായ ഉസ്മാൻ താരിഖും.
അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റിലാകട്ടെ ഐപിഎല്‍ ടീമായ ഡൽഹി ക്യാപിറ്റൽസിന്‍റെ സഹോദര ഫ്രാഞ്ചൈസിയായ സിയാറ്റിൽ ഓർക്കാസില്‍ മുൻ പാക് താരം ഇമാദ് വസീം കളിക്കുന്നുണ്ട്. 2023-24 സീസണിൽ കെകെആർ ഉടമസ്ഥതയിലുള്ള അബുദാബി നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും ഇമാദ് കളിച്ചിട്ടുണ്ട് മുംബൈ ഇന്ത്യൻസ് ഉടമസ്ഥതതയിലുള്ള എംഐ എമിറേറ്റ്‌സിൽ ഐഎൽടി20-യിൽ പാക് താരം ഉസ്മാൻ ഖാൻ കളിക്കുന്നുണ്ട്.
സൺറൈസേഴ്സ് ലീഡ്‌സ് ഏകദേശം 2.34 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) അബ്രാറിനെ സ്വന്തമാക്കിയത്. അബ്രാറിനെ കൂടാതെ ഉസ്മാൻ താരിഖ് 1.7 കോടി രൂപയ്ക്ക് (140,000 പൗണ്ട്) ബർമിംഗ്ഹാം ഫീനിക്സിലെത്തി. അതേസമയം സയിം അയൂബ്, ഹാരിസ് റൗഫ്, ഷദാബ് ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങളെ ലേലത്തിൽ ആരും വാങ്ങിയില്ല.
നേരത്തെ 'നോർത്തേൺ സൂപ്പർ ചാർജേഴ്സ്' എന്ന് അറിയപ്പെട്ടിരുന്ന ടീമിനെ സൺ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് സൺറൈസേഴ്സ് ലീഡ്‌സ് ആയി മാറിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്ന് 49 ശതമാനം ഓഹരികളും യോർക്ക്ഷെയറിൽ നിന്ന് 51 ശതമാനം ഓഹരികളും വാങ്ങിയാണ് സൺ നെറ്റ്‌വർക്ക് ടീമിനെ സ്വന്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!