
ബെംഗളൂരു: ഐപിഎല്ലിൽ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആര്‍സിബി) സ്വന്തമാക്കാൻ പ്രമുഖ വ്യവസായിയും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒയുമായ അദാർ പൂനാവാല. ആർസിബിയെ സ്വന്തമാക്കാനായി മത്സരാധിഷ്ഠിത ബിഡ് സമർപ്പിക്കുമെന്ന് പൂനാവാല സ്ഥിരീകരിച്ചു. യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിന്‍റെ മാതൃ കമ്പനിയായ ഡിയാജിയോ ആർസിബിയെ വിൽപനയ്ക്ക് വെച്ചതിന് പിന്നാലെയാണ് പൂനാവാലയുടെ വാങ്ങാന്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ആര്‍സിബി ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഡിയാജിയോ ടീമിന്‍റെ ഉടസ്ഥത കൈവിടാന്‍ താല്‍പര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ആര്‍സിബിയെ സ്വന്തമാക്കാനുള്ള താല്‍പര്യം പൂനാവാല പരസ്യമാക്കിയിരുന്നു. ആദാര്‍ പൂനാവാലക്ക് പുറമെ കാന്താര, കെ ജി എഫ് തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിര്‍മാതാവും ഹോംബാലെ ഫിലിംസ് ഉടമയുമായ വിജയ് കിരഗന്ദൂറും ആര്‍സിബിയെ സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു.
2008-ൽ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുബി ഗ്രൂപ്പാണ് ബിസിസിഐ നടത്തിയ ഐപിഎല്‍ ടീമുകളുടെ ലേലത്തില്‍ 111.6 മില്യൺ ഡോളർ മുടക്കി ആർസിബിയെ സ്വന്തമാക്കിയത്. പിന്നീട് യുണൈറ്റഡ് സ്പിരിറ്റ്‌സിന്‍റെ ഭൂരിഭാഗം ഓഹരികളും ലണ്ടൻ ആസ്ഥാനമായ ഡിയാജിയോ സ്വന്തമാക്കിയതോടെ ടീമിന്‍റെ നിയന്ത്രണം അവരുടെ കൈകളിലെത്തുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 2025 ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയാണ് വിരാട് കോലിയും സംഘവും 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. എന്നാൽ തൊട്ടടുത്ത ദിവസം ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് നടന്ന വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത് കിരീടനേട്ടത്തിന്‍റെ നിറം കെടുത്തി.
ഈ അപകടത്തെത്തുടർന്ന് വരുന്ന ഐപിഎല്‍ സീസണില്‍ ബെംഗളൂരുവിൽ മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കർണാടക സർക്കാർ മത്സരങ്ങൾക്ക് അനുമതി നൽകിയെങ്കിലും കാണികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ മാനേജ്‌മെന്റ് ഇപ്പോഴും ചർച്ചകൾ നടത്തിവരികയാണ്. ആരാധകരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വന്ന ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും ആർസിബി മാനേജ്‌മെന്‍റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!