ഖാലിസ്ഥാനി എന്ന് വിളിക്കുന്നവര്‍ അറിയുക; അര്‍ഷ്‌ദീപ് സിംഗ് വില്ലനല്ല, നായകന്‍

By Jomit JoseFirst Published Sep 5, 2022, 11:17 AM IST
Highlights

പാകിസ്ഥാനെതിരായ മത്സരത്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയി 18-ാം ഓവര്‍ എറിയുമ്പോള്‍ പാക് ടീമിന് ജയിക്കാന്‍ 34 റണ്‍സാണ് വേണ്ടിയിരുന്നത്

ദുബായ്: ക്യാച്ചുകള്‍ മത്സരങ്ങള്‍ ജയിപ്പിക്കും എന്നതാണ് ക്രിക്കറ്റിലെ പൊതു തത്വം. അതിനാല്‍ ഒരു ക്യാച്ച് മിസ് ചെയ്‌താല്‍ പോലും ആ താരം വിമര്‍ശനശരങ്ങളില്‍ നിഷ്‌ഠൂരമായി കോര്‍ക്കപ്പെടും. പിഴവ് ലോകകപ്പോ ഏഷ്യാ കപ്പോ പോലുള്ള സുപ്രധാന ടൂര്‍ണമെന്‍റുകളിലാവുമ്പോള്‍ വിമര്‍ശകരുടെ ആക്രമണത്തിന് മൂര്‍ച്ചയേറുമെന്നുറപ്പ്. സമാന സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗ് ഇപ്പോള്‍ കടന്നുപോകുന്നത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആസിഫ് അലിയുടെ ക്യാച്ച് വിട്ടതാണ് അര്‍ഷ്‌ദീപിനെ വിമര്‍ശകരുടെ വിഷയമാക്കിയത്. എന്നാല്‍ വെറും 23 വയസ് മാത്രമുള്ള താരത്തിനെതിരായ വിമര്‍ശനം അതിരുകടന്ന് സൈബര്‍ ആക്രമണവും ദേശസ്‌നേഹം ചോദ്യം ചെയ്യുന്നതിലും വരെ എത്തിനില്‍ക്കുമ്പോള്‍ ചില കണക്കുകളിലേക്ക് ആരാധകര്‍ കണ്ണോടിക്കുന്നത് നന്നാവും. 

പാകിസ്ഥാനെതിരായ മത്സരത്തില്‍ സ്‌പിന്നര്‍ രവി ബിഷ്‌ണോയി 18-ാം ഓവര്‍ എറിയുമ്പോള്‍ പാക് ടീമിന് ജയിക്കാന്‍ 34 റണ്‍സാണ് വേണ്ടിയിരുന്നത്. കൂറ്റനടിക്ക് പേരുകേട്ട ഖുശ്‌ദില്‍ ഷായും ആസിഫ് അലിയുമായിരുന്നു ക്രീസില്‍. ടി20 പോലൊരു ഫോര്‍മാറ്റില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിച്ചേക്കാവുന്ന സാഹചര്യം. എന്നാല്‍ രണ്ട് വൈഡ് എറിഞ്ഞെങ്കിലും ബിഷ്‌ണോയി പാക് താരങ്ങളെ ആദ്യ പന്തുകളില്‍ കൂറ്റനടിക്ക് അനുവദിച്ചില്ല. ഇതോടെ മൂന്നാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ആസിഫ് അലി എഡ്‌ജായി മുകളിലേക്ക് ഉയര്‍ന്നു. പക്ഷേ അനായാസമായ ക്യാച്ച് അര്‍ഷ്‌ദീപിന് സ്വന്തമാക്കാനായില്ല. താരം പന്ത് നിലത്തിട്ടു, പിന്നാലെ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചു. ഇതോടെ ഹാലിളകിയ ആരാധകര്‍ താരത്തിനെതിരെ രൂക്ഷ വാക്കുകളുമായി സാമൂഹ്യമാധ്യമങ്ങളില്‍ വെറുപ്പ് അഴിച്ചുവിടുകയായിരുന്നു. താരത്തിന്‍റെ കുടുംബത്തെ പോലും വലിച്ചിഴച്ചുള്ള സൈബര്‍ ആക്രമണം. ഖാലിസ്ഥാനി എന്ന് വിളിച്ചാണ് ഒരുകൂട്ടര്‍ അര്‍ഷ്‌ദീപ് സിംഗിനെ ആക്രമിച്ചതും അപമാനിച്ചതും. 

ക്യാച്ചുകള്‍ മത്സരങ്ങള്‍ ജയിപ്പിക്കും ക്രിക്കറ്റിലെ പൊതുതത്വം ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടു എന്ന തോന്നലുണ്ടായി ഈ നിമിഷങ്ങളില്‍. എങ്കിലും ഐപിഎല്ലില്‍ ഡെത്ത് ഓവറില്‍ മിന്നും യോര്‍ക്കറുകള്‍ കൊണ്ട് വിസ്‌മയിപ്പിച്ചിട്ടുള്ള അര്‍ഷ്‌ദീപിനെ അവസാന ഓവറില്‍ ഏഴ് റണ്‍സ് പ്രതിരോധിക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മ ക്ഷണിച്ചു. ആദ്യ പന്തില്‍ സ്റ്റൈലന്‍ യോര്‍ക്കറുമായി അര്‍ഷ് തുടങ്ങി. ഈ പന്തില്‍ ഖുശ്‌ദിലിന് ഒരു റണ്ണേ നേടാനായുള്ളൂ. രണ്ടാം പന്തില്‍ ബൗണ്ടറി വഴങ്ങിയെങ്കിലും മൂന്നാം പന്തില്‍ ഡോട് ബോളുമായി മത്സരം ഇഞ്ചോടിഞ്ചാക്കി താരം. നാലാം പന്തില്‍ ആസിഫ് അലിയെ(8 പന്തില്‍ 16) എല്‍ബിയില്‍ കുടുക്കി അര്‍ഷ്‌ദീപ് പാക് ക്യാമ്പില്‍ ഭീതി കോരിയിട്ടു. ഒടുവില്‍ അതിസമ്മര്‍ദങ്ങളുടെ പിച്ചില്‍ അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് ഇഫ്‌തിഖര്‍ അഹമ്മദ് പാകിസ്ഥാനെ ജയിപ്പിക്കുകയായിരുന്നു. കൂറ്റനടിക്കാര്‍ ക്രീസില്‍ നിന്നിട്ടും പാകിസ്ഥാന് അവസാന ഓവറില്‍ ഏഴ് റണ്‍സ് നേടാന്‍ 5 പന്ത് വേണ്ടിവന്നു, അപ്പോള്‍ 23 വയസും രാജ്യാന്തര കരിയറിന്‍റെ തുടക്കത്തിലുമുള്ള താരം ചില്ലറക്കാരനല്ല. 

ബന്ധവൈരികളുടെ പോരാട്ടം എന്ന് കാലങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റെങ്കിലും, വില്ലനായി തന്നെ പലരും മുദ്രകുത്തിയെങ്കിലും മത്സരത്തില്‍ അഭിമാനിക്കാനാവുന്ന നമ്പറുകള്‍ അര്‍ഷ്‌ദീപ് സിംഗിനുണ്ട്. കളിയിലെ ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാമത്തെ മികച്ച ഇക്കോണമി അര്‍ഷിന്‍റേതാണ്(7.00). രവി ബിഷ്ണോയിയാണ് മുന്നില്‍(6.50). ഭുവനേശ്വര്‍ കുമാര്‍ 10.00ഉം യുസ്‌വേന്ദ്ര ചാഹല്‍ 10.80ഉം ഹാര്‍ദിക് പാണ്ഡ്യ 11.00ഉം ഇക്കോണമി വഴങ്ങിയെന്ന് ഓര്‍ക്കണം. 3.5 ഓവര്‍ പന്തെറിഞ്ഞ അര്‍ഷ്‌ദീപ് 27 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യക്കായി ഇതുവരെ 9 ടി20കള്‍ കളിച്ച അര്‍ഷ്‌ദീപ് 7.27 ഇക്കോണമിയെ വഴങ്ങിയിട്ടുള്ളൂ എന്ന കണക്കിനോടും കണ്ണടച്ച് മാത്രമേ താരത്തെ വിമര്‍ശിച്ച് വീഴ്‌‌ത്താനാകൂ. രാജ്യാന്തര ടി20യില്‍ 13 വിക്കറ്റ് താരത്തിന് സ്വന്തമായുണ്ട്.

ഇതാണ് ഒരു വല്യേട്ടന്‍റെ സ്‌നേഹം; അര്‍ഷ്‌ദീപ് സിംഗിനെ ചേര്‍ത്തുനിര്‍ത്തി വിരാട് കോലി, വാക്കുകള്‍ ശ്രദ്ധേയം

click me!