'നിതീഷ് ഓള്‍ റൗണ്ടറാണെങ്കില്‍ ഞാനും ഓള്‍ റൗണ്ടറാണ്', ഗംഭീറിനിതിരെ തുറന്നടിച്ച് വീണ്ടും ശ്രീകാന്ത്

Published : Nov 25, 2025, 05:49 PM IST
Gautam Gambhir-Kris Srikkanth

Synopsis

നിതീഷ് കുമാര്‍ റെഡ്ഡിയെ ആരാണ് ഓള്‍ റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കുന്നത്. അവന്‍റെ ബൗളിംഗ് കണ്ടാല്‍ ആര്‍ക്കെങ്കിലും അവനെ ഓൾ റൗണ്ടറെന്ന് വിളിക്കാനാവുമോ.

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്നു കൃഷ്ണമാചാരി ശ്രീകാന്ത്. ടീമില്‍ ഗംഭീര്‍ അടിക്കടി മാറ്റം വരുത്തുന്നതിനെ വിമര്‍ശിച്ച ശ്രീകാന്ത് ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ പ്ലേയിംഗ് ഇലവനില്‍ എടുത്തതിനെതിരെയും തുറന്നടിച്ചു.

നിതീഷ് കുമാര്‍ റെഡ്ഡിയെ ആരാണ് ഓള്‍ റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കുന്നത്. അവന്‍റെ ബൗളിംഗ് കണ്ടാല്‍ ആര്‍ക്കെങ്കിലും അവനെ ഓൾ റൗണ്ടറെന്ന് വിളിക്കാനാവുമോ. അവന്‍ മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി അടിച്ചിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ അതിനുശേഷം അവനെന്തു ചെയ്തു. ഇതൊന്നും അങ്ങനെയങ്ങ് വിഴുങ്ങാനാവുന്ന കാര്യങ്ങളല്ലല്ലോ. നിതീഷ് കുമാര്‍ റെഡ്ഡി ഓള്‍ റൗണ്ടറാണങ്കില്‍ ഞാനും മഹാനായ ഓള്‍ റൗണ്ടറാണ്. ഇസ്പേഡുകളെ ഇസ്പേഡുകളെന്നുതന്നെ വിളിക്കണം. നിതീഷിന്‍റെ ബൗളിംഗിന് എന്തെങ്കിലും പ്രത്യേകതയുണ്ടോ, പന്തിന് മൂവ്മെന്‍റുണ്ടോ, പേസുണ്ടോ, ഇനിയതുമല്ല, അവന്‍ മാരക ബാറ്ററാണോ, ഇതൊന്നുമല്ലാത്ത ഒരാളെ എങ്ങനെയാണ് ഓള്‍ റൗണ്ടര്‍ എന്ന് വിളിക്കുക.

ടെസ്റ്റ് ടീമില്‍ മാത്രമല്ല, നിതീഷ് എങ്ങനെയാണ് ഏകദിന ടീമിലുമെത്തിയത്. അവന്‍ അതിനുവേണ്ടി മാത്രം എന്താണ് ചെയ്തത്. ഇനിയവനെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ പകരക്കാരനായാണോ ടീമിലെടുക്കുന്നത്. എങ്കില്‍ എന്തുകൊണ്ട് സ്ഥിരതയോടെ കളിക്കുന്ന അക്സര്‍ പട്ടേലിനെ ടീമിലെടുക്കുന്നില്ലെന്നും ശ്രീകാന്ത് യുട്യൂബ് ചാനലില്‍ ചോദിച്ചു. മെല്‍ബണിലെ സെഞ്ചുറിക്ക് ശേഷം കളച്ച 10 മത്സരങ്ങളില്‍ 28 റണ്‍സ് ശരാശരിയില്‍ റണ്‍സടിച്ച നിതീഷിന് എട്ട് വിക്കറ്റുകളാണ് ആകെ നേടാനായത്. ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയ നിതീഷിനെ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് തിരിച്ചുവിളിക്കുകയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 10 റണ്‍സ് മാത്രമെടുത്ത് പുറത്തായ നിതീഷ് രണ്ട് ഇന്നിംഗ്സിലുമായി പന്തെറിഞ്ഞത് വെറും 10 ഓവര്‍ മാത്രമാണ്. വിക്കറ്റൊന്നും നേടാനുമായില്ല.

രണ്ടാം ടെസ്റ്റില്‍ ധ്രുവ് ജുറെലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ഉള്‍പ്പെടുത്തിയ തീരുമാനത്തെയും ശ്രീകാന്ത് ചോദ്യം ചെയ്തു. സര്‍ഫറാസ് ഖാനെ പോലെയുള്ള സ്പെഷ്യലിസ്റ്റ് ബാറ്റര്‍മാരെ തഴയുമ്പോഴാണ് ജുറെലിന് അവസരം നല്‍കിയതെന്നും ശ്രീകാന്ത് പറഞ്ഞു. ഓരോ മത്സരത്തിലും ടീമിനെ മാറി മാറി പരീക്ഷിക്കുന്ന ഗംഭീറിന്‍റെ ശൈലിയെയും ശ്രീകാന്ത് വിമര്‍ശിച്ചു. ഗംഭീര്‍ എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ, എനിക്കത് പ്രശ്നമല്ല, ഞാന്‍ മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്നു. അതുകൊണ്ട് എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് നല്ല ബോധ്യത്തോടെയാണ് താന്‍ കാര്യങ്ങൾ പറയുന്നതെന്നും ശ്രീകാന്ത് പറഞ്ഞു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍