റണ്‍മല കയറുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും രക്ഷയില്ല, ബാറ്റിംഗ് തകര്‍ച്ച, ഓപ്പണര്‍മാര്‍ പുറത്ത്

Published : Nov 25, 2025, 04:11 PM IST
Yashasvi Jaiswal

Synopsis

ഹിമാലയന്‍ വിജയലക്ഷ്യം തേടി ക്രീസിലിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ആറോവില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നെങ്കിലും ഏഴാം ഓവറിലെ ആദ്യ പന്തില്‍ ജയ്സ്വാള്‍ ഒരിക്കല്‍ കൂടി യാന്‍സന് മുന്നില്‍ വീണു.

ഗുവാഹത്തി: ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച. 549 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. രണ്ട് റണ്‍സോടെ സായ് സുദര്‍ശനും നാലു റണ്‍സോടെ നൈറ്റ് വാച്ച്‌മാന്‍ കുല്‍ദീപ് യാദവും ക്രീസില്‍. 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും ആറ് റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്സ്വാളിനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ബൗൾഡാക്കി. എട്ടുവിക്കറ്റും 90 ഓവറും ശേഷിക്കെ ഇന്ത്യക്ക് സമനിലപോലും സ്വപ്നം കാണണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും. 8 വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണഫ്രിക്കൻ സ്കോറിന് 522 റണ്‍സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.

രണ്ടാം ഇന്നിംഗ്സിലും രക്ഷയില്ല

ഹിമാലയന്‍ വിജയലക്ഷ്യം തേടി ക്രീസിലിറങ്ങിയ ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ആറോവില്‍ വിക്കറ്റ് പോവാതെ പിടിച്ചു നിന്നെങ്കിലും ഏഴാം ഓവറിലെ ആദ്യ പന്തില്‍ ജയ്സ്വാള്‍ ഒരിക്കല്‍ കൂടി യാന്‍സന് മുന്നില്‍ വീണു. 20 പന്തില്‍ ഒരു ഫോറും ഒരു സിക്സും പറത്തി 13 റണ്‍സെടുത്ത ജയ്സ്വാളിനെ യാന്‍സന്‍ വിക്കറ്റ് കീപ്പര്‍ വെരിയെന്നെയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ സ്പിന്നര്‍മാരെ പന്തറിയാന്‍ വിളിച്ച ക്യാപ്റ്റൻ ടെംബാ ബാവുമയുടെ തന്ത്രം ഉടന്‍ ഫലം കണ്ടു. തന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍മര്‍ രാഹുലിനെ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ 21-2ലേക്ക് വീണു. കുല്‍ദീപും സായ് സുദര്‍ശനും ചേര്‍ന്ന് നാലാം ദിനം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ക്രീസ് വിട്ടു.

നേരത്തെ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്ത ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്താണ് ഇന്ത്യക്ക് 549 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. സ്റ്റബ്സിനെ ജഡേജ ബൗള്‍ഡാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു.

 

സ്റ്റബ്സിന് പുറമെ ഓപ്പണര്‍മാരായ റയാൻ റിക്കിള്‍ടൺ, എയ്ഡന്‍ മാര്‍ക്രം, ക്യാപ്റ്റൻ ടെംബാ ബാവുമ, ടോണി ഡി സോര്‍സി എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നാലാം ദിനം നഷ്ടമായത്. ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താനായെങ്കിലും രണ്ടാം സെഷനില്‍ ടോണി ഡി സോര്‍സിയുടെ വിക്കറ്റ് മാത്രമായിരുന്നു ഇന്ത്യക്ക് വീഴ്ത്താനായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റെടുത്തു.

കരുത്തുകാട്ടി ദക്ഷിണാഫ്രിക്ക

ഓപ്പണിംഗ് വിക്കറ്റില്‍ റിക്കിള്‍ടണ്‍-മാര്‍ക്രം സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ആദ്യ മണിക്കൂറില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും കിണഞ്ഞു ശ്രമിച്ചെങ്കിലും മാര്‍ക്രത്തിന്‍റെയും റിക്കിള്‍ടന്‍റെും പ്രതിരോധം ഭേദിക്കാനായില്ല. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ക്കെതിരെ ബുമ്രയും സിറാജും ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റിയെങ്കിലും വിലപ്പോയില്ല. ഒടുവില്‍ റിക്കിള്‍ടണെ സിറാജിന്‍റെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെ(29) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ക്യാപ്റ്റൻ ടെംബാം ബാവുമയെ(3) വാഷിംഗ്ടണ്‍ സുന്ദറും വീഴത്തിയതോടെ 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക തകരുമെന്ന് കരുതിയെങ്കിലും ഡി സോര്‍സിസും ട്രിസ്റ്റൻ സ്റ്റബ്സും സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ പ്രതീക്ഷ കൈവിട്ടു.

 

49 റണ്‍സെടുത്ത ഡി സോര്‍സിയെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയത് മാത്രമായിരുന്നു രണ്ടാം സെഷനില്‍ ഇന്ത്യക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. 77-3ല്‍ ഒത്തുചേര്‍ന്ന ഇരുവരും 178ലാണ് വേര്‍പിരിഞ്ഞത്. സോര്‍സി മടങ്ങിയശേഷം വിയാന്‍ മുള്‍ഡറെ കൂട്ടുപിടിച്ച് സ്റ്റബ്സ് അര്‍ധസെഞ്ചുറി തികച്ചു. ദക്ഷിണാഫ്രിക്കയെ 100 കടത്തി. ആദ്യ സെഷനില്‍ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പന്തില്‍ ട്രിസ്റ്റൻ സ്റ്റബ്സിനെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച സുവര്‍ണാവസരം റിഷഭ് പന്ത് പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. സ്റ്റബ്സിന്‍റെ സെഞ്ചുറിക്കായി നാലാം ദിനം ഡിക്ലറേഷന്‍ വൈകിപ്പിച്ച ദക്ഷിണാഫ്രിക്ക സ്റ്റബ്സ് പുറത്തായതിന് പിന്നാലെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍