നല്ല ക്രിക്കറ്റര്‍, എന്നാല്‍ നല്ലൊരു മനുഷ്യനല്ല; ഗംഭീറിനെതിരെ അഫ്രീദി

By Web TeamFirst Published Jul 19, 2020, 1:15 PM IST
Highlights

ഇപ്പോഴിതാ ഗംഭീറിനെതിരെ മറ്റൊരു വിമര്‍ശനവുമായെത്തിരിക്കുകയാണ് മുന്‍ പാക് താരം. ഗംഭീര്‍ മികച്ച ബാറ്റ്‌സ്മാനാണെങ്കിലും അത്ര നല്ല മനുഷ്യനല്ലെന്നാണ് അഫ്രീദി കുറ്റപ്പെടുത്തുന്നത്.

കറാച്ചി: ക്രിക്കറ്റില്‍ സജീവമായിരുന്ന സമയത്ത് തന്നെ ശത്രുതയിലാരുന്നു മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയും. ഗ്രൗണ്ടില്‍ പലപ്പോഴും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പിന്നീട് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ഈ ശത്രുത തുടര്‍ന്നുകൊണ്ടിരുന്നു. കശ്മീര്‍ വിഷയത്തെച്ചൊല്ലി പലതവണ പരസ്യമായി ഇടഞ്ഞവരാണ് ഇരുവരും. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനു പിന്നാലെ ഇരുവരും നേര്‍ക്കുനേരെത്തിയിരുന്നു.

ഇപ്പോഴിതാ ഗംഭീറിനെതിരെ മറ്റൊരു വിമര്‍ശനവുമായെത്തിരിക്കുകയാണ് മുന്‍ പാക് താരം. ഗംഭീര്‍ മികച്ച ബാറ്റ്‌സ്മാനാണെങ്കിലും അത്ര നല്ല മനുഷ്യനല്ലെന്നാണ് അഫ്രീദി കുറ്റപ്പെടുത്തുന്നത്. അഫ്രീദി തുടര്‍ന്നു... ''ഒരു ക്രിക്കറ്റ് താരമെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും എനിക്ക് ഗംഭീറിനെ ഇഷ്ടമാണ്. പക്ഷേ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഫിസിയോ ഇക്കാര്യം മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.'' ഇന്ത്യയുടെ മുന്‍ മെന്റല്‍ കണ്ടിഷനിങ് പരിശീലകന്‍ പാഡി അപ്ടണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ എടുത്ത് പറഞ്ഞാണ് അഫ്രീദി ഇത്തരമൊരു പ്രസ്താവന നടത്തിയത്. 

സെഞ്ചുറി നേടിയാല്‍പ്പോലും ഗംഭീര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് കളിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 'ഇന്ത്യന്‍ ടീമില്‍ താന്‍ കണ്ട ഏറ്റവും ദുര്‍ബലന്‍ ഗൗതം ഗംഭീറായിരുന്നു'വെന്നും അപ്ടണ്‍ വ്യക്തമാക്കിയിരുന്നു. 2009-2011 കാലഘട്ടത്തിലാണ് അപ്ടണ്‍ ഇന്ത്യന്‍ ടീമിന്റെ മെന്റല്‍ കണ്ടിഷനിങ് പരിശീലകനായിരുന്നത്.

click me!