റെയ്‌നയ്ക്ക് പകരം മൂന്നാം നമ്പറില്‍ ആര് ? വെല്ലുവിളി ധോണി ഏറ്റെടുക്കണമെന്ന് ഗംഭീര്‍

By Web TeamFirst Published Sep 1, 2020, 3:56 PM IST
Highlights

 റെയ്‌നയുടെ അഭാവത്തില്‍ സീനിയര്‍ താരവും ക്യാപ്റ്റനുമായ എം എസ് ധോണി മൂന്നാം നമ്പറില്‍ ഇറങ്ങണമെന്നാണ് ഗംഭീര്‍ പറയുന്നത്.

ദില്ലി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഐപിഎല്ലിന് ഇല്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റിന് തലവേദനയായി. ആരെ മൂന്നാം സ്ഥാനത്ത് ഇറക്കുമെന്നാണ് ചെന്നൈ ആലോചിക്കുന്നത്. അമ്പാട്ടി റായുഡു, ഫാഫ് ഡു പ്ലെസിസ്, കേദാര്‍ ജാദവ് തുടങ്ങിയ താരങ്ങള്‍ സിഎസ്‌കെ നിരയിലുണ്ട്. എന്നാല്‍ ആരെ കളിപ്പിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ചിന്ത. എന്നാല്‍ ഈ പ്രശ്‌നത്തില്‍ പരിഹാരം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. റെയ്‌നയുടെ അഭാവത്തില്‍ സീനിയര്‍ താരവും ക്യാപ്റ്റനുമായ എം എസ് ധോണി മൂന്നാം നമ്പറില്‍ ഇറങ്ങണമെന്നാണ് ഗംഭീര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''റെയ്‌നയുടെ അഭാവത്തില്‍ സീനിയര്‍ താരവും ചെന്നൈയുടെ നായകനുമായ മഹേന്ദ്ര സിംഗ് ധോണി മൂന്നാം സ്ഥാനത്ത് ഇറങ്ങണം. ഏറെക്കാലമായി കളത്തിന് പുറത്ത് നില്‍ക്കുന്ന ധോണിക്ക് മൂന്നാം നമ്പരില്‍ ബാറ്റിംഗിനിറങ്ങുന്നത് വഴി കൂടുതല്‍ പന്തുകള്‍ നേരിടാന്‍ കഴിയും. ടീമില്‍ നങ്കൂരക്കാന്റെ റോള്‍ ചെയ്യാന്‍ ധോണിക്ക് സാധിക്കും. ധോണിക്ക് പിന്നാലെ കേദാര്‍ ജാദവ്, ഡ്വെയിന്‍ ബ്രാവോ, സാം കറന്‍, തുടങ്ങിയവരെത്തണം.

ഇത് ധോണിക്ക് വളരെ മഹത്തായ അവസരമായിരുക്കുമെന്നും അദ്ദേഹം അത് നല്ല രീതിയില്‍ ഉപയോഗിക്കുമെന്നുമാണ് എനിക്ക് തോന്നുന്നത്. സുരേഷ് റെയ്‌ന ടീമിലില്ലാത്തത് കൊണ്ട് വളരെ പരിചയസമ്പന്നനായ ഒരു താരം മൂന്നാം നമ്പരില്‍ ബാറ്റ് ചെയ്യാന്‍ ആവശ്യമാണ്. അത് ധോണിയായിരിക്കണം.'' ഗംഭീര്‍ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌ന ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. പത്താന്‍കോട്ടില്‍ തന്റെ അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കവര്‍ച്ചസംഘത്തിന്റെ ആക്രമണത്തിന് ഇരയായതാണ് ക്യാംപ് വിടാനുണ്ടായ സാഹചര്യമെന്നാണ് പരക്കെയുള്ള വിശ്വാസം. അക്രമണത്തില്‍ അമ്മാവന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ചെന്നൈ ക്യാംപില്‍ കൊവിഡ് സുരക്ഷ സൗകര്യങ്ങള്‍ കാര്യക്ഷമമല്ലെന്നും ഇതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസമാണ് റെയ്‌ന ക്യാംപ് വിടാനുണ്ടായ സാഹചര്യമുണ്ടാക്കിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ കുറിച്ച് റെയ്‌ന തന്നെ വ്യക്തത വരുത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

click me!