ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്

Published : Mar 09, 2026, 11:05 PM IST
Sri Lanka Cricket

Synopsis

ഇന്ത്യയെ 2011-ൽ ലോകകപ്പ് ജേതാക്കളാക്കിയ ഗാരി കേര്‍സ്റ്റണെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. 

കൊളംബോ: മുന്‍ ലോകകപ്പ് ജേതാവായ പരിശീലകന്‍ ഗാരി കേര്‍സ്റ്റണെ ശ്രീലങ്കന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. രണ്ട് വര്‍ഷത്തെ കരാറിലാണ് 58-കാരനായ ഈ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ചുമതലയേല്‍ക്കുന്നത്. സ്വന്തം മണ്ണില്‍ നടന്ന ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ സനത് ജയസൂര്യയ്ക്ക് പകരക്കാരനായാണ് കേര്‍സ്റ്റണ്‍ എത്തുന്നത്. 2025 ഏപ്രില്‍ 15-ന് ചുമതലയേല്‍ക്കുന്ന കേര്‍സ്റ്റണിന്റെ പ്രധാന ലക്ഷ്യം 2027ലെ ഏകദിന ലോകകപ്പിനായി ശ്രീലങ്കന്‍ ടീമിനെ സജ്ജമാക്കുക എന്നതാണ്.

ലക്ഷ്യം 2027 ലോകകപ്പ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു... ''ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന 2027 ഐസിസി ഏകദിന ലോകകപ്പിനായി ശ്രീലങ്കന്‍ പുരുഷ ടീമിനെ ഒരുക്കുക എന്നതായിരിക്കും കേര്‍സ്റ്റണിന്റെ പ്രധാന ഉത്തരവാദിത്തം. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം.'' ബോര്‍ഡ് വ്യക്തമാക്കി. 2028 ഏപ്രില്‍ 14 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

ശ്രീലങ്കയിലെത്തുന്നതിന് മുന്‍പ് പാകിസ്ഥാന്‍ ടീമിനൊപ്പമുള്ള കേര്‍സ്റ്റണിന്റെ കാലയളവ് ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. 2024 ഏപ്രിലില്‍ ചുമതലയേറ്റ അദ്ദേഹം വെറും ആറ് മാസത്തിന് ശേഷം ഒക്ടോബറില്‍ രാജിവെച്ചു. 2024 ടി20 ലോകകപ്പില്‍ യുഎസ്എയോടും ഇന്ത്യയോടും പാകിസ്ഥാന്‍ തോറ്റത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാകിസ്ഥാന്‍ ടീമില്‍ ഒത്തൊരുമയില്ലെന്നും പ്രൊഫഷണല്‍ ഫിറ്റ്നസ് കുറവാണെന്നും കേര്‍സ്റ്റണ്‍ തുറന്നടിച്ചിരുന്നു. തന്റെ കരിയറില്‍ ഇത്രയധികം ഭിന്നതയുള്ള മറ്റൊരു ടീമിനെ കണ്ടിട്ടില്ലെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു.

ടീം സെലക്ഷന്‍ അധികാരം ബോര്‍ഡ് എടുത്തുമാറ്റിയതും ഭരണസമിതിയുടെ അനാവശ്യ ഇടപെടലുകളുമാണ് അദ്ദേഹത്തെ രാജിവെക്കാന്‍ പ്രേരിപ്പിച്ചത്. പാകിസ്ഥാനിലെ അനുഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് ഗാരി കേര്‍സ്റ്റണ്‍. 2008 മുതല്‍ 2011 വരെ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം, 2011-ല്‍ ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ചു. 2011-2013 കാലയളവില്‍ ദക്ഷിണാഫ്രിക്കയെ എല്ലാ ഫോര്‍മാറ്റുകളിലും ഒന്നാം നമ്പറിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപം തിരികെ കൊണ്ടുവരാന്‍ കേര്‍സ്റ്റണിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജുവിന് അഗ്നിപരീക്ഷ'; ഐപിഎല്‍ പ്രകടനം പരിശോധിച്ച് ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാക്കുമെന്ന് ഗംഭീര്‍
'ഇവിടെ മറ്റാര്‍ക്കും ഐസിസി ട്രോഫി വേണ്ടേ'; ഇന്ത്യയുടേത് സമഗ്രാധിപത്യമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍