സി കെ നായിഡു ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് ഇന്നിംഗ്സിനും 135 റൺസിനും ദയനീയ പരാജയം. ആദ്യ ഇന്നിങ്സിൽ 46 റൺസിന് പുറത്തായ കേരളം രണ്ടാം ഇന്നിങ്സിൽ 134 റൺസിന് ഓൾഔട്ടായി. തമിഴ്നാട് ഒന്നാം ഇന്നിംഗ്സിൽ 315 റൺസാണ് നേടിയത്.
തിരുവനന്തപുരം: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ തമിഴ്നാടിനെതിരെ കേരളം ഇന്നിംഗ്സിനും 135 റണ്‍സിനും പരാജയപ്പെട്ടു. ആദ്യ ഇന്നിങ്സില്‍ വെറും 46 റണ്‍സിന് ഓള്‍ഔട്ടായ കേരളം ഫോളോഓണിന് ശേഷം രണ്ടാം ഇന്നിങ്സില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴ് വിക്കറ്റിന് 99 റണ്‍സെന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ 35 റണ്‍സിനിടെ കേരളത്തിന് നഷ്ടമായി. നേരത്തെ തമിഴ്നാടിന്റെ ആദ്യ ഇന്നിങ്സ് 315 റണ്‍സിന് അവസാനിച്ചിരുന്നു.
രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴും കേരളത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. മാധവ് കൃഷ്ണ (26), അഭിജിത് പ്രവീണ്‍ (പുറത്താവാതെ 24) ക്യാപ്റ്റന്‍ അഹ്മദ് ഇമ്രാന് (22) എന്നിവര്‍ക്കാണ് അല്പമെങ്കിലും പിടിച്ചുനില്ക്കാന് സാധിച്ചത്. കൃഷ്ണ നാരായണ്‍ (13), മാനവ് കൃഷ്ണ (12), അര്ജുന് നായര്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആര് എസ്. അംബ്രീഷ് മൂന്നും മുഹമ്മദ് അലി, സച്ചിന് രാതി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, 315 റണ്‍സാണ് തമിഴ്നാട് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. കിരണ്‍ കാര്ത്തികേയന് (96), മുഹമ്മദ് അലി (75) എന്നിവരാണ് തമിഴ്നാടിനെ മാന്യമായ സ്കോറിലേക്ക് നയിച്ചിരുന്നത്. രണ്ടാം ദിനം 25 റണ്‍സെടുത്ത പ്രവീണ്‍ രാമചന്ദ്രന്റെയും 21 റണ്‍സെടുത്ത ദീപേഷ് ദേവേന്ദ്രന്റെയും വിക്കറ്റുകള്‍ വീഴ്ത്തി ആദിത്യ ബൈജു തമിഴ്നാട് ഇന്നിങ്സിന് അവസാനമിട്ടു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ ബൈജുവും അഭിജിത് പ്രവീണുമാണ് കേരളത്തിന്റെ ബൗളിങ് നിരയില്‍ തിളങ്ങിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ദീപേഷ് ദേവേന്ദ്രന്റെ വേഗതയാര്‍ന്ന പന്തുകള്‍ക്ക് മുന്പില് പിടിച്ചുനില്‍ക്കാനായില്ല. ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ തന്നെ ഗോവിന്ദ് ദേവ് പൈ (0) പുറത്തായി. തൊട്ടുപിറകെ ആറ് റണ്‍സെടുത്ത മാധവ് കൃഷ്ണയും മടങ്ങി. തുടര്‍ന്നെത്തിയ ബാറ്റര്‍മാരും ചെറുത്തുനില്‍പ്പ് പോലുമില്ലാതെ കീഴടങ്ങിയതോടെ 15.3 ഓവറില്‍ വെറും 46 റണ്‍സിന് കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചു. 19 റണ്‍സെടുത്ത എസ് എസ് അക്ഷയ് മാത്രമാണ് രണ്ടക്കം കടന്നത്. തമിഴ്നാടിന് വേണ്ടി ദീപേഷ് ദേവേന്ദ്രന് ആറും സച്ചിന് രാതി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.





