
ദില്ലി: വിമര്‍ശകരായ മുന്‍ താരങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗഭീര്‍. ചാമ്പ്യൻസ് ട്രോഫി ജയിച്ച ഇന്ത്യൻ ടീമിന് ബിസിസിസിഐ നേരത്തെ 58 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ടീം അംഗങ്ങള്‍ക്ക് തുല്യമായി ഗൗതം ഗംഭീറിനും മൂന്ന് കോടി രൂപ നല്‍കാനുള്ള ബിസിസിഐ തീരുമാനത്തിനിതെരെ മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഗംഭീറിന്‍റെ സഹപരിശീലകര്‍ക്ക് 50 ലക്ഷം രൂപ മാത്രമാണ് ബിസിസിഐ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നത്. 2024ല്‍ ടി20 ലോകകപ്പ് നേടിയപ്പോള്‍ മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിന് ബിസിസിഐ രണ്ടര കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചപ്പോള്‍ തനിക്കും സഹപരിശീലകരുടേതിന് തുല്യമായ തുക മാത്രം സമ്മാനത്തുകയായി നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് അധികതുക ദ്രാവിഡ് നിരസിച്ചിരുന്നു. ഗംഭീറും ഇതുപോലെ ചെയ്യാന്‍ തയാറുണ്ടോ എന്നായിരുന്നു ഗവാസ്കര്‍ ചോദിച്ചത്.
ഇതിനാണ് ഇപ്പോള്‍ മറുപടിയുമായി ഗംഭീര്‍ രംഗത്തെത്തിയത്. ചില്ലുമേടയിലിരുന്ന് ചിലര്‍ തന്നെ കല്ലെറിയുകയാണെന്നും നികുതിവെട്ടിക്കാനായി താന്‍ വിദേശത്ത് പണം നിക്ഷേപിച്ചിട്ടില്ലെന്നും ഗംഭീര്‍ എബിപി ന്യൂസിന്‍റെ ഇന്ത്യ സമ്മിറ്റില്‍ പങ്കെടുത്ത് പറഞ്ഞു. ഞാന്‍ ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റെടുത്തിട്ട് 8 മാസമായി. കോച്ച് എന്ന നിലയില്‍ എന്‍റെ പ്രകടനം മോശമാണെങ്കില്‍ വിമര്‍ശിക്കാം. അത് വിമര്‍ശകരുടെ പണിയാണ്. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായിട്ടും കമന്‍ററി ബോക്സിലിരിക്കുന്ന ചിലരുണ്ട്. അവരുടെ തറവാട്ടുസ്വന്താണ് ഇന്ത്യൻ ക്രിക്കറ്റ് എന്നാണവരുടെ വിചാരം. നിര്‍ഭാഗ്യവശാല്‍ ഇന്ത്യൻ ക്രിക്കറ്റ് എന്നത് ആരുടെയും തറവാട്ടു സ്വത്തല്ല. അത് 140 കോടി ഇന്ത്യക്കാരുടേതാണ്.
ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുക; ദ്രാവിഡിന്‍റെ മാതൃക പിന്തുടരാന്‍ ഗംഭീര്‍ തയാറുണ്ടോ എന്ന് ഗവാസ്കര്‍
എന്‍റെ കോച്ചിംഗ് മികവിനെക്കുറിച്ചും റെക്കോര്‍ഡുകളെക്കുറിച്ചും 2011ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ തലയ്ക്ക് പരിക്കേറ്റപ്പോള്‍ ഞാന്‍ കണ്‍കഷനെടുത്തതിനെക്കുറിച്ചും ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുക സ്വീകരിച്ചതിനെക്കുറിച്ചുമെല്ലാം ഇവര്‍ ചോദ്യം ചെയ്യും. ഞാനെവിടെ പണം നിക്ഷേപിക്കുന്നുവെന്നോ ചെലവഴിക്കുന്നുവെന്നോ ഇവരോട് പറയേണ്ട കാര്യം എനിക്കില്ല. എന്നാല്‍ നിങ്ങള്‍ അറിയേണ്ട മറ്റൊരു കാര്യമുണ്ട്. ഈ ചോദ്യം ചോദിക്കുന്നവര്‍ ശരിക്കും പ്രവാസികളാണ്. ഇന്ത്യയില്‍ നിന്ന് കിട്ടുന്ന പണം വിദേശത്താണ് അവര്‍ നിക്ഷേപിക്കുന്നത്. ഞാന്‍ അവരെപ്പോലെ വര്‍ഷം 180 ദിവസം വിദേശത്ത് കഴിയുന്ന ആളല്ല. ഞാനൊരു ഇന്ത്യക്കാരനാണ്. നികുതി വെട്ടിക്കാനായി വിദേശത്ത് പണം നിക്ഷേപിക്കാറില്ല-ഗവാസ്കറുടെ പേരെടുത്ത് പറയാതെ ഗംഭീര്‍ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി ജയിച്ചതിന് എനിക്ക് പണം കിട്ടിയോ എന്നതില്‍ ആര്‍ക്കും വിശദീകരണം നല്‍കേണ്ട ബാധ്യത എനിക്കില്ല. ചില്ലുമേടയിലിരിക്കുന്നവര്‍ മറ്റുള്ളവരെ കല്ലെറിയരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഗംഭീര്‍ തള്ളിക്കളഞ്ഞു. ആരാണ് ഇത്തരം കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുന്നത്. യുട്യൂബ് ചാനല്‍ നടത്തുന്ന വിദഗ്ദരുടെ ഊഹാപോഹങ്ങളാണിതൊക്കെ. രണ്ട് മാസം മുമ്പാണ് ഞങ്ങളൊരുമിച്ച് ചാമ്പ്യൻസ് ട്രോഫി നേടിയത്. ചാമ്പ്യൻസ് ട്രോഫി നേടിയില്ലായിരുന്നെങ്കില്‍ നിങ്ങള്‍ എന്തൊക്കെ എവുതിവിടുമായിരുന്നുവെന്ന് ഒന്ന് ചിന്തിച്ചുനോക്കു. ഇന്ത്യൻ ക്രിക്കറ്റിന് രോഹിത് ചെയ്ത സംഭാവനകളെ മാനിക്കുന്ന ആളാണ് ഞാന്‍. അത് എക്കാലത്തും അങ്ങനെ തന്നെയായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക