ബെറ്റ് വെക്കാം; ധോണിയുടെ ആ റെക്കോര്‍ഡ് മാത്രം ആരും തകര്‍ക്കില്ലെന്ന് ഗംഭീര്‍

By Web TeamFirst Published Aug 17, 2020, 11:58 AM IST
Highlights

ഞാന്‍ ബെറ്റ് വെക്കാം. ധോണിയുടെ ആ റെക്കോര്‍ഡ് എല്ലാക്കാലവും നിലനില്‍ക്കും. 100 സെഞ്ചുറികളുടെ റെക്കോര്‍ഡോ രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ചുറികളുടെ റെക്കോര്‍ഡോ ആരെങ്കിലുമൊക്കെ തകര്‍ത്തേക്കാം

ദില്ലി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ നായകന്‍ എം എസ് ധോണിയെക്കുറിച്ച് ക്രിക്കറ്റ് ലോകത്ത് ഇനിയും ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. അതിനിടെ ധോണിയുടെ ഒരു റെക്കോര്‍ഡ് മാത്രം മറ്റൊരു നായകനും തകര്‍ക്കാനാവില്ലെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍.

ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും നേടിയ ഒരേയൊരു നായകനെന്ന ധോണിയുടെ റെക്കോര്‍ഡ് എക്കാലവും നിലനില്‍ക്കുമെന്നാണ് ഗംഭീര്‍ പറയുന്നത്. മറ്റൊരു നായകനും ആ നേട്ടം സ്വന്തമാക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല. അത് ടി20 ലോകകപ്പായാലും ഏകദിന ലോകകപ്പ് ആയാലും ചാമ്പ്യന്‍സ് ട്രോഫി ആയാലും-സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡില്‍ പങ്കെടുത്ത് ഗംഭീര്‍ പറഞ്ഞു.

ഞാന്‍ ബെറ്റ് വെക്കാം. ധോണിയുടെ ആ റെക്കോര്‍ഡ് എല്ലാക്കാലവും നിലനില്‍ക്കും. 100 സെഞ്ചുറികളുടെ റെക്കോര്‍ഡോ രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ചുറികളുടെ റെക്കോര്‍ഡോ ആരെങ്കിലുമൊക്കെ തകര്‍ത്തേക്കാം. പക്ഷെ മൂന്ന് ഐസിസി കിരീടങ്ങള്‍ നേടി ധോണി സ്ഥാപിച്ച റെക്കോര്‍ഡ് മറ്റൊരു ഇന്ത്യന്‍ നായകനും സ്വന്തമാക്കാനാവുമെന്ന് ഞാന്‍ കരുതുന്നില്ല. അത് എല്ലാക്കാലവും നിലനില്‍ക്കും-ഗംഭീര്‍ പറഞ്ഞു.

ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി ഇന്ത്യയെ ജേതാക്കളാക്കി. ഇതോടെ ഐസിസിയുടെ മൂന്ന് പ്രധാന ടൂര്‍ണനെ്റുകളും ജയിക്കുന്ന ആദ്യ നായകനായി ധോണി മാറി.   2017നുശേഷം ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഐസിസി തല്‍ക്കാലത്തേക്ക് നിര്‍ത്തലാക്കിയിരുന്നു.

click me!