Latest Videos

'ക്രിക്കറ്റ് ലോകകപ്പ് വിജയത്തേക്കാള്‍ വലിയ നേട്ടം'; ഹോക്കി വെങ്കലത്തില്‍ കൊള്ളുന്ന വാക്കുകളുമായി ഗംഭീര്‍

By Web TeamFirst Published Aug 5, 2021, 12:52 PM IST
Highlights

ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിരവധി പേര്‍ ആശംസയുമായെത്തി. മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കാര്‍, ഗൗതം ഗംഭീര്‍ വിരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ടോക്യോ: 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ഒരു മെഡല്‍ നേടുന്നത്. 1980ല്‍ മോസ്‌കോയില്‍ സ്വര്‍ണം നേടിയശേഷം ഒളിംപിക് മെഡല്‍ ഇന്ത്യക്ക് വിദൂരത്തായിരുന്നു. വെങ്കലത്തിനായുള്ള മത്സരത്തില്‍ ജര്‍മനിനെ 5-4നാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിരവധി പേര്‍ ആശംസയുമായെത്തി. മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കാര്‍, ഗൗതം ഗംഭീര്‍ വിരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരും ട്വിറ്ററിലാണ് തങ്ങളുടെ വാക്കുകള്‍ കുറിച്ചിട്ടത്.

ഇതില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗംഭീറിന്റെ ട്വീറ്റ് ട്വിറ്ററില്‍ ചര്‍ച്ചയാവുകയാണ്. എവിടെയോ കൊള്ളിച്ച് പറയുന്നതായിരുന്നു ബിജെപി എംപി കൂടിയായ ഗംഭീറിന്റെ ട്വീറ്റ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയവുമായിട്ടാണ് അദ്ദേഹം ഹോക്കിയിലെ വെങ്കല മെഡല്‍ നേട്ടത്തെ ബന്ധപ്പെടുത്തിയത്. 

ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചിട്ടതിന്റെ പൂര്‍ണരൂപം ഇങ്ങനെ... ''1983, 2007 അല്ലെങ്കില്‍ 2011 വര്‍ഷങ്ങള്‍ മറന്നേക്കുക. ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വെങ്കലനേട്ടം ഏത് ലോകകപ്പിനേക്കാളും വലുതാണ്.'' ഗംഭീര്‍ കുറിച്ചിട്ടു.

Forget 1983, 2007 or 2011, this medal in Hockey is bigger than any World Cup! 🇮🇳 pic.twitter.com/UZjfPwFHJJ

— Gautam Gambhir (@GautamGambhir)

 

1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ലോകകപ്പ് നേടിയിരുന്നു. പിന്നാലെ 2007ല്‍ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ടി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും സ്വന്തമാക്കി. ഇതിനെ കുറിച്ചാണ് ഗംഭീര്‍ പറഞ്ഞിരിക്കുന്നത്. ട്വീറ്റിന് താഴെ പരിഹാസത്തോടെയുള്ള കമന്റുകളുമായി ധോണി ആരാധകരുമെത്തി.

എന്തായാലും ധോണിക്കെതിരെ ഗംഭീര്‍ മുമ്പും കുത്തുവാക്കുകളുമായി സംസാരിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണിയുടെ ഇന്നിങ്‌സിന് അമിത പ്രാധാന്യം നല്‍കുകയാണെന്ന് ഒരിക്കല്‍ ഗംഭീര്‍ പറഞ്ഞിരുന്നു.

click me!