Latest Videos

നോട്ടിംഗ്ഹാം ടെസ്റ്റ്: ബുമ്രയും ഷമിയും എറിഞ്ഞിട്ടു, ഇംഗ്ലണ്ട് 183 പുറത്ത്

By Web TeamFirst Published Aug 4, 2021, 9:59 PM IST
Highlights

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്ഡസെടുത്തിട്ടുണ്ട്. ഒമ്പത് റൺസ് വീതമെടുത്ത് കെ എൽ രാഹുലും രോഹിത് ശർമയും ക്രീസിൽ.

നോട്ടിംഗ്ഹാം:  നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 183 റണ്‍സിന് പുറത്ത്.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ നാലു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റെടുത്ത മുഹമ്മഷ് ഷമിയും രണ്ട് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ ഠാക്കൂറും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ജോണി ബെയര്‍സ്റ്റോ(29), സാക്ക് ക്രോളി(27) എന്നിവരും ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്ഡസെടുത്തിട്ടുണ്ട്. ഒമ്പത് റൺസ് വീതമെടുത്ത് കെ എൽ രാഹുലും രോഹിത് ശർമയും ക്രീസിൽ.

ആദ്യ ഓവറിലെ ഞെട്ടിച്ച് ബുമ്ര

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവറിലെ ഞെട്ടി. ബുമ്ര എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ റോറി ബേണ്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ പിന്നീട് ആദ്യ മണിക്കൂറുകളില്‍ ബുമ്രയുടെ വേഗത്തിനും ഷമിയുടെ സ്വിംഗിനും മുന്നില്‍ ഇംഗ്ലണ്ട് വിറച്ചെങ്കിലും സിബ്ലിയും ക്രോളിയും വിക്കറ്റ് വീഴാതെ പിടിച്ചു നിന്നു.

കൂട്ടുകെട്ട് പൊളിച്ച് സിറാജ്

ആദ്യ ബൗളിംഗ് മാറ്റവുമായി എത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ഒടുവില്‍ രണ്ടാമത്തെ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 27 റണ്‍സെടുത്ത് നിലയുറപ്പിച്ച ക്രോളിയെ സിറാജ് റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും റിവ്യൂവിലൂടെയാണ് ഇന്ത്യക്ക് വിക്കറ്റ് ലഭിച്ചത്.

ഷമിയുടെ ഡബിള്‍ സട്രൈക്കില്‍ ആടിയുലഞ്ഞ് ഇംഗ്ലണ്ട്

ലഞ്ചിന് തൊട്ടുപിന്നാലെ ഡ‍ൊമനിക് സിബ്ലിയെ മടക്കി മുഹമ്മദ് ഷമി ഇംഗ്ലണ്ടിനെ 66-3ലേക്ക് തള്ളി വിട്ടെങ്കിലും ക്യാപ്റ്റന്‍ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് കരകയറി. ഇരുവരുടെയും കൂട്ടുകെട്ട് അര്‍ധസെഞ്ചുറിയും പിന്നിട്ട് അപകടകരമായി വളരുന്നതിനിടെ ചായക്ക് തൊട്ടു മുമ്പുള്ള അവസാന ഓവറില്‍ ബെയര്‍സ്റ്റോയെ ഷമി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും ഇന്ത്യ റിവ്യു എടുത്തു. രണ്ടാമത്തെ തീരുമാനമാണ് റിവ്യൂവിലെ ഇന്ത്യക്ക് അനുകൂലമാകുന്നത്. 138-4 എന്ന സ്കോറിലായിരുന്നു ഇംഗ്ലണ്ട് ചായക്ക് പിരിഞ്ഞത്.

ചായക്കുശേഷം കൂട്ടത്തകര്‍ച്ച

ചായക്ക് ശേഷം ഡാനിയല്‍ ലോറന്‍സിനെ(0) ഷമി മടക്കി. തൊട്ടു പിന്നാലെ ജോസ് ബട്‌ലറെ(0) ബുമ്ര പന്തിന്‍റെ കൈകളിലെത്തിച്ചു. ഇംഗ്ലണ്ട് 150 കടന്നതിന് പിന്നാലെ ജോ റൂട്ടിനെ(64) വിക്കറ്റിന് മുന്നില്‍ കുടുക്കി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ആഞ്ഞടിച്ചു. ഒല്ലി റോബിന്‍സണും(0) ഷര്‍ദ്ദുലിന് മുന്നില്‍ മുട്ടുമടക്കിയതിന് പിന്നാലെ സ്റ്റുവര്‍ട്ട് ബ്രോഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുമ്ര ഇംഗ്ലണ്ടിന്‍റെ തകര്‍ച്ച വേഗത്തിലാക്കി.അവാസന വിക്കറ്റില്‍ വമ്പനടികളുമായി 23 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സാം കറന്‍(27 നോട്ടൗട്ട് ഇംഗ്ലണ്ട് സ്കോറിന് അല്‍പം മാന്യത നല്‍കിയെങ്കിലും ആന്‍ഡേഴ്സണെ യോര്‍ക്കറില്‍ മടക്കി ബുമ്ര ഇംഗ്ലണ്ട് ഇന്നിംഗ്സിന് തിരശീലയിട്ടു.

ഇന്ത്യക്കായി ബുമ്ര 46 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഷമി 28 റണ്‍സിന് മൂന്നും ഷര്‍ദ്ദുല്‍ 41 റണ്‍സിന് രണ്ടും സിറാജ് 48 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.

പ്ലേയിംഗ് ഇലവനില്‍ സര്‍പ്രൈസുമായി ടീം ഇന്ത്യ

 നാല് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയിറങ്ങുന്നത്. രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍. മുഹമ്മദ് സിറാജും ഷാര്‍ദുള്‍ താക്കുറും ടീമിലെത്തി. ഇശാന്ത് ശര്‍മയ്ക്ക് സ്ഥാനം നഷ്ടമായി. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.  

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍,  മുഹമ്മദ ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമനിക് സിബ്ലി, സാക് ക്രൗളി, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ഡാനിയേല്‍ ലോറന്‍സ്, ജോസ് ബട്‌ലര്‍, സാം കറന്‍, ഒല്ലി റോബിന്‍സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.         

click me!