ദില്ലി: ജീവത്തില്‍ പ്രതിസന്ധിഘട്ടം വന്നപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമായിട്ടുള്ള ഇന്‍സ്റ്റ്ഗ്രാം ലൈവ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഷമി. ഭാര്യ ഹസിന്‍ ജഹാനുമായിട്ടുള്ള കുടുംബപ്രശ്‌നങ്ങളെ കുറിച്ചാണ് ഷമി സംസാരിച്ചത്. ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് 2018ല്‍ ഹസിന്‍ ജഹാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ക്രിക്കറ്റിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്നാണ് ഷമി പറയുന്നത്. ''കുടംബപ്രശ്‌നങ്ങളുണ്ടായിരുന്ന സമത്ത് ജീവിതം കൈവിട്ട് പോയിരുന്നു. മാനസികമായി തകര്‍ന്നിരിക്കുന്ന സമയമായിരുന്നത്. മൂന്ന് തവണയെങ്കിലും ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചുകാണും. അക്കാലത്ത് ക്രിക്കറ്റിനേക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഞാനെന്തെങ്കിലും അവിവേകം കാണിക്കുമെന്ന് കരുതി സുഹൃത്തുക്കള്‍ എപ്പോഴും എനിക്ക് ചുറ്റുമുണ്ടായിരുന്നു. ഈ പറഞ്ഞത് നീ വിശ്വസിക്കുമോ എന്നുപോലും എനിക്കറിയില്ല.

റൊണാള്‍ഡോ, മെസി, നെയ്മര്‍; ഞാനും കോലിയും തമ്മില്‍ ഫുട്‌ബോളിനെ കുറിച്ച് വാദങ്ങളുണ്ടാവാറുണ്ട്: കുല്‍ദീപ്

ജീവിതം വലിയ ദുരന്തത്തില്‍ അവസാനിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്റെ ജീവിതം വലിയൊരു ദുരന്തത്തില്‍ അവസാനിക്കുമെന്ന് അന്ന് എന്റെ കുടുംബം ഭയന്നിരുന്നു. ഈ സമയത്ത് കുടുംബവും സുഹൃത്തുക്കളും നല്‍കിയ ഉറച്ച പിന്തുണയാണ് തന്നെ സംരക്ഷിച്ചത്. സഹോദരന്മാരെല്ലാം ഈ പ്രശ്‌നത്തില്‍ വളരെയധികം ബുദ്ധിമുട്ടി. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാവുമെന്ന് എന്നെ സമാധാനിപ്പിച്ചത് കുടുംബമാണ്. പിന്നീട് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പറഞ്ഞതും കുടുംബമാണ.് പിന്നീട് അതില്‍ നിന്ന് തിരിഞ്ഞുനോക്കിയിട്ടില്ല. പിന്നീട്  ഡെറാഡൂണിലെ ക്രിക്കറ്റ് അക്കാദമിയിലെ കഠിനമായ പരിശീലനമാണ് എന്നെ രൂപപ്പെടുത്തിയത്.'' ഷമി പറഞ്ഞു.  

ഇന്ത്യ രോഹിത്തിനെ വിശ്വസിച്ചപോലെ പാക് കളിക്കാരെ ബോര്‍ഡ് വിശ്വസിക്കുന്നില്ലെന്ന് ഇമാം ഉള്‍ ഹഖ്

ഗാര്‍ഹിക പീഡനക്കുറ്റമാരോപിച്ച് 2018ലാണ് ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. അദ്ദേഹം കുറേക്കാലം ക്രിക്കറ്റില്‍നിന്നു വിട്ടുനിന്നു. പൊലീസ് കേസായതോടെ ആ വര്‍ഷം ക്രിക്കറ്റ് താരങ്ങളുടെ കരാര്‍ പുതുക്കിയപ്പോള്‍ ബിസിസിഐ ഷമിയുടെ കരാര്‍ തടഞ്ഞുവച്ചത് വാര്‍ത്തയായിരുന്നു. 2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം.