ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്മാര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലുണ്ട്; പേര് പറഞ്ഞ് വെളിപ്പെടുത്തി ഗംഭീര്‍

By Web TeamFirst Published Jul 18, 2019, 9:18 PM IST
Highlights

ഇന്ത്യയുടെ വിജയനായകന്മാരുടെ പേരെടുത്താല്‍ അതില്‍ എം എസ് ധോണിയുടെ പേര് ആദ്യമുണ്ടാവും. ഇന്ത്യക്കായി മൂന്ന് ഐസിസി കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് ധോണി.

ദില്ലി: ഇന്ത്യയുടെ വിജയനായകന്മാരുടെ പേരെടുത്താല്‍ അതില്‍ എം എസ് ധോണിയുടെ പേര് ആദ്യമുണ്ടാവും. ഇന്ത്യക്കായി മൂന്ന് ഐസിസി കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് ധോണി. 60 ടെസ്റ്റുകളും 200 ഏകദിനങ്ങളും 72 ടി20കളും ധോണിക്ക് കീഴില്‍ ഇന്ത്യ കളിച്ചു. യഥാക്രമം 27, 110, 41 മത്സരങ്ങളില്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്മാര്‍ ഇന്ത്യക്കുണ്ടായിട്ടുണ്ടെന്നാണ് മുന്‍ താരവും എം പിയുമായ ഗൗതം ഗംഭീര്‍ പറയുന്നത്. 

സൗരവ് ഗാംഗുലി, അനില്‍ കുംബ്ല, വിരോട് കോലി എന്നിവര്‍ ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്മാരാണെന്നാണ് ഗംഭീറിന്റെ പക്ഷം. അദ്ദേഹം തുടര്‍ന്നു... ''കണക്കുകള്‍ നോക്കിയാല്‍ ധോണിയായിരിക്കാം ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്‍. എന്നാല്‍ അതിനര്‍ത്ഥം മറ്റു ക്യാപ്റ്റന്മാര്‍ മോശമാണെന്നല്ല. ഗാംഗുലി മികച്ച ക്യാപ്റ്റനായിരുന്നു. അദ്ദേഹത്തിന് കീഴില്‍ വിദേശത്ത് ജയിക്കാന്‍ ടീമിന് സാധിച്ചു. കോലിക്ക് കീഴില്‍ നമ്മള്‍ ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ഏകദിന പരമ്പര വിജയിച്ചു. 

ശരിയാണ് ധോണിക്ക് കീഴില്‍ ഇന്ത്യ രണ്ട് ലോകകപ്പ് നേടിയിട്ടുണ്ട്. ഒരു ചാംപ്യന്‍സ് ട്രോഫിയും. എന്നാല്‍ നേട്ടം ധോണിക്ക് മാത്രം അവകാശപ്പെട്ടതല്ല. ടീമിലെ ഓരോ താരവും അതിന് അര്‍ഹരാണ്. കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരും ഇന്ത്യയെ മികച്ച രീതിയില്‍ മുന്നോട്ട് നയിച്ചിട്ടുള്ളവരാണ്.'' ടിവി 9ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. 

click me!