
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു മത്സരത്തില്‍ മാത്രം കളിപ്പിച്ച സൂര്യകുമാറിനെ തഴഞ്ഞ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും താരത്തോട് സഹതാപമുണ്ടെന്നും ഗംഭീര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
ഒരു കളിക്കാരനെ ടീമിലെടുത്തശേഷം അയാളുടെ പ്രതിഭ അളക്കാന്‍ മൂന്നോ നാലോ മത്സരങ്ങളിലെങ്കിലും കളിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഒരു മത്സരത്തില്‍ അവസരം നല്‍കിയ സൂര്യകുമാറിന് ബാറ്റിംഗിന് ഇറങ്ങാന്‍ പോലുമായില്ല. പിന്നെ എങ്ങനെയാണ് സൂര്യകുമാറിലെ കളിക്കാരനെ വിലയിരുത്തുക. സൂര്യകുമാറിന് ഇപ്പോള്‍ തന്നെ 30 വയസായി. രാജ്യാന്തര ക്രിക്കറ്റില്‍ ഒരു കളിക്കാരന്‍ സ്വന്തം സ്ഥാനത്തെക്കുറിച്ച് അരക്ഷിതനാവുന്ന കാലമാണത്.
സൂര്യകുമാറിന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒഴിവാക്കിയ തീരുമാനം എന്നെ തീര്‍ച്ചയായും വേദനിപ്പിക്കും. കാരണം സൂര്യകുമാറിന് 21-22 അല്ല പ്രായം. 30 കഴിഞ്ഞ കളിക്കാരന് ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം. ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള അരക്ഷിതാവസ്ഥയിലായിരിക്കും അയാളെപ്പോഴും. ഒന്നോ രണ്ടോ മോശം പ്രകടനം ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴി തെളിക്കും. പകരം ആ സ്ഥാനത്ത് യുവതാരത്തെ കൊണ്ടുവരും.
മനീഷ് പാണ്ഡെക്ക് സംഭവിച്ചത് എന്താണെന്ന് നോക്കു. ആരുമിപ്പോള്‍ അയാളെക്കുറിച്ച് പറയുന്നില്ല. സഞ്ജു സാംസണെ നോക്കു. ആരുമിപ്പോള്‍ സഞ്ജു എവിടെ പോയെന്ന് ചോദിക്കുന്നില്ല. ഐപിഎല്ലില്‍ വേറെ ഒരു താരം മികച്ച പ്രകടനം നടത്തിയാല്‍ അയാളെക്കുറിച്ചാവും പിന്നെ ചര്‍ച്ച. അത് നിര്‍ഭാഗ്യകരമാണ്. അരങ്ങേറ്റം കുറിച്ചാല്‍ മൂന്നോ നാലോ മത്സരങ്ങളിലെങ്കിലും ഒരു കളിക്കാരന് കഴിവ് തെളിയിക്കാന്‍ അവസരം നല്‍കണം. ആദ്യ മത്സരത്തില്‍ ഓപ്പണറായി തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷനെ അടുത്ത മത്സരത്തില്‍ മൂന്നാം നമ്പറിലാണ് ഇറക്കിയത്. ഇത് താരങ്ങളെ പിന്തുണക്കുന്ന രീതിയല്ല-ഗംഭീര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!