പാക് താരങ്ങൾക്ക് കൈ കൊടുക്കാതെ അവഗണിക്കാനുള്ള തീരുമാനമെടുത്തതിന് പിന്നിൽ ഗൗതം ഗംഭീർ, മത്സരത്തിന് മുമ്പ് കളിക്കാരോട് പറഞ്ഞത്

Published : Sep 15, 2025, 11:02 AM IST
Gautam Gambhir before India vs Pakistan Match in Asia Cup

Synopsis

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ മത്സരത്തില്‍ പാക് താരങ്ങളുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ടെന്ന കര്‍ശന നിലപാടെടുത്തത് കോച്ച് ഗൗതം ഗംഭീറായിരുന്നുവെന്നാണ് സൂചന.

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന്‍റെ ടോസ് സമയത്തും മത്സരശേഷവും പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിന് തയാറാവാതെ ഇന്ത്യ അവഗണിച്ചതിന് പിന്നിലെ ബുദ്ധി കോച്ച് ഗൗതം ഗംഭീറിന്‍റേതെന്ന് റിപ്പോര്‍ട്ട്. മത്സരത്തില്‍ ടോസിനുശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയുമായി ഹസ്തദാനം ചെയ്യാതിരുന്ന ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മത്സരശേഷം പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാനും തയാറായില്ല. ഇന്ത്യൻ താരങ്ങളാരും മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൗണ്ടിലേക്കിറങ്ങി പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല. ഹസ്തദാനത്തിനായി പാക് താരങ്ങള്‍ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിന്‍റെ വാതിലുകള്‍ അടച്ചിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ മത്സരത്തില്‍ പാക് താരങ്ങളുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ടെന്ന കര്‍ശന നിലപാടെടുത്തത് കോച്ച് ഗൗതം ഗംഭീറായിരുന്നുവെന്നാണ് സൂചന. മത്സരത്തിനു മുമ്പോ ശേഷമോ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ വാക് പോരിനോ മുതിരരുതെന്ന് ഗംഭീര്‍ ടീം അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ടെലികോ ഏഷ്യാ സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന് രാജ്യത്ത് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.

ഉറച്ച നിലപാടുമായി ഗംഭീര്‍

ഈ പശ്ചാത്തലത്തില്‍ മത്സരത്തിന് മുമ്പ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ടീം അംഗങ്ങളും കോച്ച് ഗൗതം ഗംഭീറിനെക്കണ്ട് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിലെ ആശങ്ക പങ്കുവെച്ചിരുന്നു. എന്നാൽ സോഷ്യല്‍ മീഡിയ അടച്ചുവെക്കാനും കളിയില്‍ മാത്രം ശ്രദ്ധിക്കാനുമാണ് ഗംഭീര്‍ ടീം അംഗങ്ങളോട് പറഞ്ഞത്. നിങ്ങള്‍ സോഷ്യല്‍ മീഡിയ നോക്കുന്നത് നിര്‍ത്തു, ചുറ്റുമുള്ള ബഹളങ്ങള്‍ ഒന്നും നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ജോലി ഇന്ത്യക്കായി കളിക്കുക എന്നത് മാത്രമാണ്. അതിനൊപ്പം പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ മറക്കരുത്. അതുകൊണ്ട് തന്നെ മത്സരത്തിനിടെ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ ആശയവിനിമയം നടത്താനോ വാക് പോരിലേര്‍പ്പെടാനോ മുതിരരുത്. ഗ്രൗണ്ടിലിറങ്ങി നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക, ഇന്ത്യക്കായി കളിക്കുക, ജയിക്കുക എന്നത് മാത്രം നിങ്ങള്‍ നോക്കിയാല്‍ മതിയെന്നായിരുന്നു ഗംഭീറിന്‍റെ ഉറച്ച വാക്കുകള്‍.

അടിച്ചിരുത്തി ഇന്ത്യ

ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ ഇന്നലെ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല