
മുംബൈ: ക്രിക്കറ്റ് ബാറ്റർമാരുടെ മാത്രം കളിയായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്കർ. ബൗളർമാരെ സഹായിക്കുന്ന രീതിയിൽ ക്രിക്കറ്റ് നിയമങ്ങളിൽ അടിയന്തര മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ കൂടിയായ മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഗവാസ്കർ തന്‍റെ നിലപാട് വ്യക്തമാക്കിയത്. നിലവിൽ ബാറ്ററുടെ തലയ്ക്ക് മുകളിലൂടെ പോകുന്ന പന്തുകൾ വൈഡ് വിളിക്കുന്ന രീതി ബൗളർമാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ടെന്ന് ഗവാസ്കർ പറഞ്ഞു.
ബാറ്ററുടെ സ്വാഭാവികമായ നിൽപ്പിന് മുകളിൽ ഏകദേശം ഒരടി ഉയരത്തിൽ (ഒരു ബാറ്റ് ഹാൻഡിലിന്‍റെ നീളം) പോകുന്ന പന്തുകൾക്ക് വൈഡ് വിളിക്കരുതെന്നാണ് ഗവാസ്കര്‍ ആവശ്യപ്പെടുന്നത്. ബൗണ്ടറികളുടെ നീളം കുറഞ്ഞതും ബാറ്റിന്‍റെ കരുത്ത് കൂടിയതും ബൗളർമാരെ ഇതിനോടകം സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇതിന് പുറമെ കടുത്ത ഫീൽഡിംഗ് നിയന്ത്രണങ്ങൾ കൂടിയായതോടെ ബൗളർമാർ നിസ്സഹായരാകുകയാണെന്ന് ഗവാസ്കർ സ്പോർട്സ് സ്റ്റാറിലെഴുതിയ കോളത്തിൽ കുറിച്ചു.
ബാറ്റർമാർക്ക് ഏത് ഷോട്ടും കളിക്കാൻ സ്വാതന്ത്ര്യമുള്ളപ്പോൾ ബൗളർമാരെ മാത്രം വൈവിധ്യങ്ങൾ പരീക്ഷിക്കുന്നതിൽ നിന്ന് തടയുന്നത് എന്തിനാണെന്നും ഗവാസ്കര്‍ ചോദിച്ചു.ബാറ്റർമാരെ ഏതെങ്കിലും ഷോട്ടുകൾ കളിക്കുന്നതിൽ നിന്ന് നമ്മൾ തടയാറുണ്ടോ? ഇല്ല. പിന്നെ എന്തിനാണ് ബൗളർമാരെ മാത്രം നിയന്ത്രിക്കുന്നത്? വസീം അക്രമും വഖാർ യൂനിസും കർട്‌ലി ആംബ്രോസും എറിഞ്ഞിരുന്ന കാലത്ത് ബൗൺസറുകൾ നിരോധിച്ചപ്പോൾ ഒമ്പതാമനും പത്താമനും വരെ അവരെ അടിച്ചൊതുക്കിയിരുന്നു. ഞാൻ ഐസിസി കമ്മിറ്റി ചെയർമാനായിരുന്ന കാലത്താണ് ബൗൺസർ തിരികെ കൊണ്ടുവന്നത്. അതോടെയാണ് ആ കളി മാറിയതെന്നും- ഗവാസ്കർ ഓർമ്മിപ്പിച്ചു.
അടുത്ത ഐസിസി ക്രിക്കറ്റ് കമ്മിറ്റി യോഗത്തിൽ ബൗളർമാരുടെ അവസ്ഥ പരിഗണിക്കണമെന്ന് ഗവാസ്കർ ഗാംഗുലിയോട് ആവശ്യപ്പെട്ടു. കമോൺ സൗരവ് ഗാംഗുലി... അടുത്ത മീറ്റിംഗിൽ അധ്യക്ഷനാകുമ്പോൾ ബൗളർമാരെക്കുറിച്ച് കൂടി ചിന്തിക്കണം. തലയ്ക്ക് ഒരടി മുകളിലൂടെ വരുന്ന ബൗൺസറിൽ റൺസ് കണ്ടെത്താൻ ഒരു മികച്ച ബാറ്റർക്ക് സാധിക്കണം. അത് കളിയിൽ സന്തുലനം നിലനിർത്താൻ സഹായിക്കുമെന്നും ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!