
ലക്നൗ: ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ലക്നൗ സൂപ്പർ ജയന്‍റ്സിനായി തിളങ്ങിയ യുവ പേസർ പ്രിൻസ് യാദവിന് ഇന്ത്യൻ കുപ്പായത്തിലേക്കുള്ള ദൂരം കുറവാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിരാട് കോലിയെ വിറപ്പിച്ച പ്രിൻസിന്‍റെ പന്തുകൾ ലോകോത്തര നിലവാരത്തിലുള്ളതാണെന്നും ലക്നൗ താരം ഉടൻ തന്നെ ഇന്ത്യക്കായി കളിക്കുമെന്നും ചോപ്ര പ്രവചിച്ചു.
മഴ പലവട്ടം വില്ലനായ മത്സരത്തിൽ ആർസിബിക്കെതിരെ ലക്നൗവിനായി വിരാട് കോലിയുടേത് ഉള്‍പ്പെടെ 3 വിക്കറ്റുകള്‍ വീഴ്ത്തി പ്രിന്‍സ് യാദവ് തിളങ്ങിയിരുന്നു. ഏതൊരു രാജകുമാരന്‍റെയും സ്വപ്നം രാജാവാകുക എന്നതാണ്. അതിന് ആദ്യം രാജാവിനെ തന്നെ പുറത്താക്കണം. പ്രിൻസ് അത് കൃത്യമായി ചെയ്തു- ചോപ്ര പറഞ്ഞു. നേരിട്ട രണ്ടാം പന്തിൽ തന്നെ വിരാട് കോലിയെ ക്ലീൻ ബൗൾഡാക്കിയ പ്രിൻസിന്‍റെ പന്തിനെ ദിവ്യത്വമുള്ള പന്ത് എന്നാണ് ആകാശ് ചോപ്ര വിശേഷിപ്പിച്ചത്. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തിയ പ്രിന്‍സ് യാദവ് 8.08 എന്ന മികച്ച ഇക്കോണമിയിലാണ് പന്തെറിയുന്നത്. സീസണില്‍ ലക്നൗവിന്‍റെ വിശ്വസ്ത ബൗളറാണ് പ്രിന്‍സ്.
നാല് ഓവറിൽ 33 റൺസ് വഴങ്ങിയാണ് പ്രിന്‍സ് യാദവ് 3 വിക്കറ്റുകൾ എറിഞ്ഞിട്ടത്. കോലിയെ കൂടാതെ ഫോമിലുള്ള ദേവ്ദത്ത് പടിക്കൽ, ജിതേഷ് ശർമ്മ എന്നിവരെ പുറത്താക്കി പ്രിൻസ് ആർസിബിയുടെ തകർച്ച പൂർത്തിയാക്കി. പ്രിൻസിനൊപ്പം ഷഹബാസ് അഹമ്മദിന്‍റെയും ദിഗ്‌വേഷ് റാത്തിയുടെയും പ്രകടനവും ലക്നൗവിന്‍റെ ജയത്തില്‍ നിര്‍ണായകമായെന്ന് ചോപ്ര റഞ്ഞു.
അപകടകാരിയായ ടിം ഡേവിഡിനെ പുറത്താക്കിയ ഷഹബാസ് അഹമ്മദ് ആണ് ലക്നൗവിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന ഓവറിൽ 20 റൺസ് വേണമെന്നിരിക്കെ റോമാരിയോ ഷെപ്പേർഡിനെ സിക്സറുകൾ അടിക്കാൻ അനുവദിക്കാതിരുന്ന ദിഗ്‌വേഷ് റാത്തിയുടെ പ്രകടനവും ലക്നൗ ജയത്തില്‍ നിര്‍ണായകമായി. കൊലക്കത്തക്കെതിരെ റിങ്കു സിംഗിൽ നിന്ന് തുടർച്ചയായ സിക്സറുകൾ വഴങ്ങിയ ദിഗ്‌വേഷിന്‍റെ ശക്തമായ തിരിച്ചുവരവായിരുന്നു ഇതെന്നു ചോപ്ര പറഞ്ഞു.
അതേസമയം, പേസർ മായങ്ക് യാദവിന്‍റെ മോശം ഫോമിനെ ചോപ്ര വിമർശിച്ചു. ഈ സീസണിൽ 8 ഓവറിൽ 106 റൺസ് വഴങ്ങിയ മായങ്കിനെ പ്രധാന ബൗളറായി ലക്നൗ നിലനിർത്തുന്നതിലെ യുക്തിയെയും ചോപ്ര ചോദ്യം ചെയ്തു. ലക്നൗ ഉയർത്തിയ 213 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബെംഗളൂരുവിന് 19 ഓവറിൽ 203 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!