ബ്ലാസ്റ്റേഴ്സ് പൊളിച്ചുമാറ്റിയ കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പുന:സ്ഥാപിക്കുമെന്ന് ജിസിഡ‍ിഎ

By Web TeamFirst Published Jun 17, 2020, 6:27 PM IST
Highlights

സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റി പകരം വിഐപി മുറി പണിതത് ശരിയായില്ലെന്നാണ് കെസിഎയുടെ നിലപാട്. വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ പൊലിസിനെ സമീപിക്കുമെന്നും കെസിഎ അധികൃതര്‍ ഇന്നലെ പറഞ്ഞിരുന്നു.

കൊച്ചി: കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പുന:സ്ഥാപിക്കുമെന്ന് ജിസിഡിഎ. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയത്തില്‍ ജിസിഡിഎ ഇടപെട്ടത്. പവലിയൻ ബ്ലാസ്റ്റേഴ്സ് പൊളിച്ചുമാറ്റിയത് ശരിയായില്ലെന്നും സച്ചിന് ആദര സൂചകമായുള്ള പവലിയൻ നിലനില്‍ക്കേണ്ടതാണെന്നും ഇതിന് ജിസിഡിഎ മുൻകയ്യെടുക്കുമെന്നും ജിസിഡിഎ ചെയര്‍മാൻ  വി. സലീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റിയ വിഷയത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ പരാതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ(കെസിഎ) രംഗത്തെത്തിയിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ, സച്ചിൻ പവലിയൻ പൂര്‍ണ്ണമായും മാറ്റിയതാണ് കെസിഎയെ ചൊടിപ്പിച്ചത്. സച്ചിന്‍ ഒപ്പിട്ട ബാറ്റും ജഴ്സിയും എവിടെയാണെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കണമെന്നും കെസിഎ  സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ ആവശ്യപ്പെട്ടിരുന്നു.

സച്ചിന്‍ പവലിയന്‍ പൊളിച്ചുമാറ്റി പകരം വിഐപി മുറി പണിതത് ശരിയായില്ലെന്നാണ് കെസിഎയുടെ നിലപാട്. വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ പൊലിസിനെ സമീപിക്കുമെന്നും കെസിഎ അധികൃതര്‍ ഇന്നലെ പറഞ്ഞിരുന്നു. 2013ല്‍ വെസ്റ്റിൻഡീസിനെതിരെ നടന്ന ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സച്ചിൻ വിരമിച്ചതിന് പിന്നാലെയാണ് സച്ചിന് ആദരമെന്നവണ്ണം കൊച്ചി സ്റ്റേഡിയത്തില്‍ സച്ചിൻ പവലിയൻ നിര്‍മ്മിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ സച്ചിൻ ധരിച്ച ജേഴ്സി, സച്ചിനും ധോണിയും ഒപ്പിട്ട ബാറ്റ്, സച്ചിന്‍റെ 100 സെഞ്ച്വറികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ 100 പന്തുകള്‍, സച്ചിന്‍റെ വിവിധ ഫോട്ടോകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു പവലിയന്‍.

എന്നാല്‍ കഴിഞ്ഞ ഐഎസ്എല്‍ സീസണിന് മുന്നോടിയായി സച്ചിൻ പവലിയൻ ബ്ലാസ്റ്റേഴ്സ് പൊളിച്ചു മാറ്റി. അവിടെ വിഐപി മുറിയാക്കുകയായിരുന്നു. സച്ചിന്‍റെ ജഴ്സിയും ബാറ്റുമൊക്കെ മറ്റേതോ മുറിയിലേക്ക് മാറ്റിയെന്നാണ് സൂചന. സ്റ്റേഡിയത്തിന്‍റെ പേരില്‍ ബ്ലാസ്റ്റേഴ്സ് – കെസിഎ പോര് മുറുകുന്നതിനിടെയാണ് പവിലിയനെ ചൊല്ലിയുള്ള പുതിയ വിവാദവും.


കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റുകൂടി നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ക്രിക്കറ്റ് അസോസിയേഷൻ. ജിസിഡിഎയെ സമീപിച്ചിരുന്നു. സ്റ്റേഡിയത്തിന്‍റെ കാര്യത്തില്‍ ജിസിഡിഎയുമായി കെസിഎകക് 30 വര്‍ഷത്തെ കരാറുണ്ട്. ഒരു കോടി രൂപ ഡെപ്പോസിറ്റായി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയം വിട്ടുനല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

click me!