
ദില്ലി: രാജസ്ഥാന്‍ റോയല്‍സിനെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറികളിലൂടെ ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാൻ ഗില്ലും ഓപ്പണര്‍ സായ് സുദര്‍ശനും. രാജസ്ഥാന്‍ റോയല്‍സിനെതിരെ പരിക്ക് വലച്ചിട്ടും ക്രീസില്‍ തുടര്‍ന്ന ശുഭ്മാന്‍ ഗില്‍ 44 പന്തില്‍ 84 റണ്‍സെടുത്ത് സീസണിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 മത്സരങ്ങളില്‍ 462 റണ്‍സുമായാണ് ഗില്‍ നാലാം സ്ഥാനത്തെത്തിയത്. 46.20 ശരാശരിയും 160.41 സ്ട്രൈക്ക് റേറ്റിലുമാണ് ഗില്‍ 462 റണ്‍സെടുത്തത്. നാല് അര്‍ധസെഞ്ചുറികളാണ് സീസണില്‍ ഗില്‍ അടിച്ചെടുത്തത്.
ഗുജറാത്തിനെതിരെ 16 പന്തില്‍ 36 റണ്‍സെടുത്ത രാജസ്ഥാന്‍ താരം വൈഭവ് സൂര്യവംശിയാണ് റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്ത്. 38 ഫോറും 40 സിക്സും പറത്തിയ വൈഭവിന് 40 ശരാശരിയും 236.55 പ്രഹരശേഷിയുമുണ്ട്. രാജസ്ഥാനെതിരെ 36 പന്തില്‍ 55 റണ്‍സെടുത്ത ഗുജറാത്ത് ഓപ്പണർ സായ് സുദര്‍ശന്‍ 11 മത്സരങ്ങളില്‍ 440 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും നേടിയ സുദര്‍ശന്‍ 40 ശരാശരിയലും 157.70 സ്ട്രൈക്ക് റേറ്റിലുമാണ് 440 റണ്‍സെടുത്തത്. ഗില്ലും വൈഭവും ടോപ് ഫൈവിലേക്ക് മാര്‍ച്ച് ചെയ്തതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ അഞ്ചില്‍ നിന്ന് പുറത്തായി. 10 മത്സരങ്ങളില്‍ 402 റണ്‍സെടുത്ത സഞ്ജു നിലവില്‍ എട്ടാം സ്ഥാനത്താണ്. നാളെ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടാനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനായി തിളങ്ങിയാല്‍ സഞ്ജുവിന് വീണ്ടും ടോപ് ഫൈവിലെത്താം.
സീസണില്‍ ചെന്നൈക്കായി രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ സഞ്ജു ചെന്നൈക്കായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററുമാണ്. സീസണില്‍ ചെന്നൈ ജയിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ടോപ് സ്കോററാവാനും സഞ്ജുവിനായി. 42 ഫോറും 21 സിക്സും പറത്തിയ സഞ്ജു 57.43 ശരാശരിയിലും 167.52 സ്ട്രൈക്ക് റേറ്റിലുമാണ് ഈ സീസണില്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ബാറ്റ് വീശുന്നത്.
494 റണ്‍സുമായി സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ തന്നൊണ് റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. അഭിഷേക് ശര്‍മ(475) രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ ഡല്‍ഹി ഓപ്പണര്‍ കെ എൽ രാഹുല്‍(468) മൂന്നാമതാണ്. ഗില്ലും വൈഭവും ടോപ് ഫൈവിലെത്തിയപ്പോള്‍ ഇഷാന്‍ കിഷൻ(409) ആണ് ഏഴാം സ്ഥാനത്ത്. മുംബൈ ഇന്ത്യൻസിന്‍റെ റിയാന്‍ റിക്കിള്‍ടണ്‍(380), ലക്നൗവിനെതിരെ പൂജ്യത്തിന് പുറത്തായ വിരാട് കോലി(379) എന്നിവരാണ് ടോപ് 10ല്‍ ഇടം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!