ഏകദിന റാങ്കിംഗിൽ കോലിയെ മറികടന്ന് ശുഭ്‌മാൻ ഗിൽ; ടെസ്റ്റിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട്, ബുമ്രയ്ക്കൊപ്പം മാറ്റ് ഹെൻറിയും

Published : Jun 24, 2026, 05:00 PM ISTUpdated : Jun 24, 2026, 05:04 PM IST
Virat Kohli-Shubman Gill

Synopsis

നിലവിൽ 791 റേറ്റിങ് പോയിന്‍റാണ് ഗില്ലിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിന്‍റെ ഡാരിൽ മിച്ചലിനേക്കാൾ വെറും 24 പോയിന്‍റ് മാത്രം പിന്നിലാണ് ഇന്ത്യൻ താരം

ദുബായ്: ഐസിസി പുതുതായി പുറത്തുവിട്ട ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന് വമ്പൻ കുതിപ്പ്. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഗിൽ കരിയറിലെ മികച്ച റാങ്കായ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യൻ നായകനെന്ന നിലയിൽ തന്‍റെ ആദ്യ ഏകദിന പരമ്പര വിജയം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഗില്ലിന്‍റെ ഈ നേട്ടം. പരിക്കിനെ തുടർന്ന് പരമ്പര നഷ്ടമായ വിരാട് കോലിയെ മറികടന്നാണ് ഗിൽ രണ്ടാമതെത്തിയത്.

നിലവിൽ 791 റേറ്റിങ് പോയിന്‍റാണ് ഗില്ലിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡിന്‍റെ ഡാരിൽ മിച്ചലിനേക്കാൾ വെറും 24 പോയിന്‍റ് മാത്രം പിന്നിലാണ് ഇന്ത്യൻ താരം. 768 റേറ്റിംഗ് പോയിന്‍റുമായി കോലി മൂന്നാമതാണ്. 754 റേറ്റിംഗ് പോയിന്‍റുള്ള രോഹിത് ശര്‍മയാണ് നാലാമത്. അഫ്ഗാനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ റാങ്കിങ്ങിൽ 21 സ്ഥാനങ്ങൾ ഒറ്റയടിക്ക് മെച്ചപ്പെടുത്തി 43-ാം റാങ്കിലെത്തി. രണ്ട് സ്ഥാനം നഷ്ടമായ കെ എല്‍ രാഹുല്‍ ടോപ് 10ൽ നിന്ന് പുറത്തായി-11-ാം സ്ഥാനത്താണിപ്പോള്‍ രാഹുല്‍. ഏകദിന ബൗളിംഗ് റാങ്കിംഗില്‍ അർഷ്ദീപ് സിങ് 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 22-ാം റാങ്കിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ 34 സ്ഥാനങ്ങൾ ഒറ്റയടിക്ക് കയറി 58-ാം റാങ്കിലെത്തി. വാഷിംഗ്ടൺ സുന്ദർ 17 പടവുകൾ താണ്ടി 71-ാം സ്ഥാനത്തെത്തി.

ടെസ്റ്റിൽ വീണ്ടും ജോ റൂട്ട് നമ്പര്‍ വണ്‍

ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. സഹതാരം ഹാരി ബ്രൂക്കിനെ പിന്നിലാക്കിയാണ് റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 14,000 റൺസ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ബാറ്റ്‌സ്മാനായി റൂട്ട് അടുത്തിടെ മാറിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുൽക്കറുടെ എക്കാലത്തെയും വലിയ റൺവേട്ട റെക്കോർഡാണ് റൂട്ട് ലക്ഷ്യമിടുന്നത്.

ബുമ്രയ്ക്കൊപ്പം മാറ്റ് ഹെൻറിയും

ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 11 വിക്കറ്റുകൾ വീഴ്ത്തി മാച്ച് വിന്നിങ് പ്രകടനം പുറത്തെടുത്ത ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി കരിയറിലെ ഏറ്റവും വലിയ നേട്ടത്തിലെത്തി. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ബുംറയ്ക്കൊപ്പം ഹെന്‍റി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. 2024 നവംബർ മുതൽ ബുംറ മാത്രമായിരുന്നു റാങ്കിങ്ങിൽ ഒന്നാമത്. 1947-ൽ ജാക്ക് കോവിയും അതിനുശേഷം ഇതിഹാസ താരം റിച്ചാർഡ് ഹാഡ്‌ലിയും മാത്രമാണ് ന്യൂസിലൻഡിനായി ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്ലിൽ അടുത്ത വമ്പൻ ട്രേഡ് ട്വിസ്റ്റ്, മുംബൈ നായകൻ ഹാർദിക് പാണ്ഡ്യക്ക് ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്ത് കൊല്‍ക്കത്ത
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമില്‍ മാറ്റം, പരിക്കേറ്റ നിതീഷ് കുമാറിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ചു