രോഹിത് ശര്‍മയുടെ ഏകദിന ഭാവിയെ കുറിച്ച് വ്യക്തത വരുത്തേണ്ടത് ശുഭ്മാന്‍ ഗില്‍: മുഹമ്മദ് കൈഫ്

Published : Jul 29, 2026, 07:11 PM IST
Shubman Gill

Synopsis

2027 ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ കളിക്കുമോ എന്ന അനിശ്ചിതത്വം തുടരുകയാണ്. രോഹിതിനെ ടീമില്‍ നിലനിര്‍ത്താന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സെലക്ടര്‍മാരെയും കോച്ചിനെയും ബോധ്യപ്പെടുത്തണമെന്ന് മുന്‍ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു.

മുംബൈ: 2027 ഏകദിന ലോകകപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ, ഇന്ത്യന്‍ താരം രോഹിത് ശര്‍മയുടെ കരിയറിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ടി20, ടെസ്റ്റ് ക്രിക്കറ്റുകളില്‍ നിന്ന് വിരമിച്ച രോഹിത്, 2027 ലോകകപ്പില്‍ കളിക്കാനുള്ള തന്റെ താല്‍പ്പര്യം വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ 39 വയസ്സുള്ള താരം, ലോകകപ്പ് തുടങ്ങുമ്പോള്‍ 40-ാം വയസ്സിലേക്ക് കടക്കും. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന ഏകദിനത്തിന് മുന്നേ രോഹിത് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഈ അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയായിരുന്നു.

അതേസമയം, തന്റെ അവസാന മത്സരമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുമായി രോഹിത് തിളങ്ങിയിരുന്നു. ഇത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. രോഹിതിനെ ലോകകപ്പ് പദ്ധതികളില്‍ നിലനിര്‍ത്താന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സെലക്ടര്‍മാരെയും കോച്ചിനെയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു.

യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം... ''ഇത് കാത്തിരുന്നു കാണേണ്ട സാഹചര്യമാണ്. ഒരുപാട് ആശയക്കുഴപ്പങ്ങളുണ്ട്, എന്നാല്‍ അതില്‍ വ്യക്തത വരേണ്ടതുണ്ട്. രോഹിതിനെ 2027 ലോകകപ്പില്‍ തനിക്ക് ഒപ്പം വേണമെന്ന് ആവശ്യപ്പെട്ട് ഗില്‍ പരസ്യമായി പ്രസ്താവന നടത്തണം. ടീം രൂപീകരിക്കുമ്പോള്‍ ക്യാപ്റ്റന്റെ പങ്ക് വളരെ വലുതാണ്. കളിയെക്കുറിച്ച് സെലക്ടര്‍മാരേക്കാള്‍ കൂടുതല്‍ താരങ്ങള്‍ക്ക് പരസ്പരം അറിയാം. ടൂര്‍ണമെന്റില്‍ രോഹിതിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കോച്ചിനെയും സെലക്ടര്‍മാരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്.' കൈഫ് വ്യക്തമാക്കി.

സൗരവ് ഗാംഗുലി മുന്‍കാലങ്ങളില്‍ വീരേന്ദര്‍ സെവാഗിനെയും യുവരാജ് സിംഗിനെയും പിന്തുണച്ചത് ഉദ്ധരിച്ച കൈഫ്, എം എസ് ധോണിയും രോഹിത് ശര്‍മ്മയും തങ്ങളുടെ സഹതാരങ്ങളെ ഇങ്ങനെ പിന്തുണച്ചിട്ടുണ്ടെന്നും ഒരു ക്യാപ്റ്റന്‍ എപ്പോഴും കളിക്കാര്‍ക്ക് ഒപ്പം നില്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു. രോഹിത്, വിരാട് കോലി തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ കാര്യത്തില്‍ ടീം മാനേജ്മെന്റ് കൃത്യമായ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കൈഫ് പറഞ്ഞു.

കൈഫിന്റെ വാക്കുകള്‍... ''ഇതുവഴി ടീമില്‍ സുതാര്യത കൊണ്ടുവരാന്‍ സാധിക്കും, ഒപ്പം ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗില്ലിന്റെ ബഹുമാനവും വര്‍ദ്ധിക്കും. കാര്യങ്ങള്‍ മാറിമറിയുമ്പോള്‍ വ്യക്തത വരുത്താന്‍ ക്യാപ്റ്റന്‍ മുന്നോട്ട് വരണം. ആരും ഒന്നും ഒളിപ്പിച്ചുവെക്കാന്‍ കഴിയില്ല. മറ്റാരും വ്യക്തത നല്‍കുന്നില്ലെങ്കില്‍ ക്യാപ്റ്റന്‍ തന്നെ അത് ചെയ്യണം. ഇത് ടീമിന്റെ പ്രകടനത്തെ കൂടുതല്‍ മെച്ചപ്പെടുത്തും.' കൈഫ് കൂട്ടിചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു സാംസണെ ടീമില്‍ നിന്നൊഴിവാക്കിയതില്‍ കാരണമുണ്ട്'; വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം
'സ്വന്തം ടീമംഗങ്ങളുമായി മത്സരിക്കാന്‍ താല്‍പര്യമില്ല'; വിവാദ പ്രസ്താവനകളില്‍ വ്യക്തത വരുത്തി സഞ്ജു