ഞായറാഴ്ച ഡൽഹിയിൽ നടന്ന മത്സരത്തിൽ വൈഭവിനെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണറായാണ് ഇന്ത്യ ഇറക്കിയത്. എന്നാൽ 8 പന്തിൽ 10 റൺസെടുത്ത് സഞ്ജു പെട്ടെന്ന് പുറത്തായിരുന്നു.

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ വൈഭവ് സൂര്യവംശിക്ക് പകരം മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകണമെന്നും എന്നാൽ ലഭിക്കുന്ന അവസരങ്ങൾ താരം കൃത്യമായി വിനിയോഗിക്കണമെന്നും ജാഫർ ഓർമ്മിപ്പിച്ചു.

ഞായറാഴ്ച ഡൽഹിയിൽ നടന്ന മത്സരത്തിൽ വൈഭവിനെ ഒഴിവാക്കി സഞ്ജുവിനെ ഓപ്പണറായാണ് ഇന്ത്യ ഇറക്കിയത്. എന്നാൽ 8 പന്തിൽ 10 റൺസെടുത്ത് സഞ്ജു പെട്ടെന്ന് പുറത്തായിരുന്നു.സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത് നല്ല തീരുമാനമാണ്. മുൻപ് വൈഭവിന് അവസരം നൽകാൻ സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകണമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സഞ്ജുവും ശ്രദ്ധിക്കണമെന്ന് തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ജാഫർ പറഞ്ഞു.

ഇന്ത്യൻ ടീമിൽ മികച്ച ബാറ്റർമാർക്ക് ക്ഷാമമില്ല. പുറത്ത് വൈഭവ് നിൽക്കുമ്പോൾ കളത്തിലിറങ്ങുന്ന താരത്തിന് വലിയ സമ്മർദ്ദമുണ്ടാകും. സഞ്ജു അതിമാനുഷികനായ കളിക്കാരനാണ്, ഫോമിലായാൽ മത്സരങ്ങൾ ജയിപ്പിക്കാൻ ശേഷിയുമുണ്ട്. എന്നാൽ ഇന്നിംഗ്സുകൾക്കിടയിലെ സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്നംമെന്നും ജാഫര്‍ വ്യക്തമാക്കി.

അതേസമയം മത്സരത്തിൽ 32 പന്തിൽ 82 റൺസെടുത്ത് ഇന്ത്യയുടെ വിജയശിൽപിയായ അഭിഷേക് ശർമ്മയെ വസീം ജാഫർ വാനോളം പുകഴ്ത്തി. മുൻപത്തെപ്പോലെ ആദ്യ പന്ത് മുതൽ വമ്പൻ അടികൾക്ക് മുതിരാതെ അഭിഷേക് കൂടുതൽ പക്വത കാണിക്കുന്നുണ്ടെന്ന് ജാഫർ നിരീക്ഷിച്ചു. റാഷിദ് ഖാൻ, മുജീബ്, നബി എന്നിവരുടെ സ്പിൻ ആക്രമണത്തെ നേരിട്ട രീതി അഭിഷേകിന്റെ വളർച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരയിലെ രണ്ടാം ടി20 മത്സരം ചൊവ്വാഴ്ച ഡൽഹിയിൽ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക