'ജസ്‌പ്രീത് ബുമ്ര ഒരു ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കണം'; ആവശ്യവുമായി ഗ്ലെന്‍ മഗ്രാത്ത്

Published : Aug 04, 2023, 05:22 PM ISTUpdated : Aug 04, 2023, 05:27 PM IST
'ജസ്‌പ്രീത് ബുമ്ര ഒരു ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കണം'; ആവശ്യവുമായി ഗ്ലെന്‍ മഗ്രാത്ത്

Synopsis

താരത്തിന് ഒരു ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്

മുംബൈ: പരിക്കിന്‍റെ നീണ്ട 10 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരവിനൊരുങ്ങുകയാണ് പേസര്‍ ജസ്‌പ്രീത് ബുമ്ര. അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയാണ് ബുമ്രയുടെ തിരിച്ചുവരവിന് വേദിയാവുന്നത്. മടങ്ങിവരവില്‍ ക്യാപ്റ്റന്‍റെ അധിക ചുമതല കൂടി ബുമ്രക്കുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരിക്ക് വലയ്‌ക്കുന്നതിനാല്‍ ബുമ്രയുടെ കരിയര്‍ തന്നെ ചോദ്യചിഹ്നമായിരുന്നു. ഈ പശ്ചാത്തലത്തില്‍ താരത്തിന് ഒരു ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. 

'ഞാന്‍ ജസ്‌പ്രീത് ബുമ്രയുടെ ഒരു വലിയ ആരാധകനാണ്. എന്നാല്‍ നീണ്ട കരിയര്‍ ലഭിക്കുന്നതിനായി ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് ബുമ്ര ചിന്തിക്കണം' എന്നാണ് മഗ്രാത്തിന്‍റെ ഉപദേശം. ടീം ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന ജസ്‌പ്രീത് ബുമ്ര തിരക്കേറിയ മത്സരക്രമത്തിലൂടെ കടന്നുപോയിരുന്ന താരമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി20യിലും ടീമിന്‍റെ പ്രധാന പേസറായിരുന്ന ബുമ്ര ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയിലും സ്ഥിര സാന്നിധ്യമായിരുന്നു. 29കാരനായ ജസ്‌പ്രീത് ബുമ്ര 30 ടെസ്റ്റില്‍ 128 ഉം, 72 ഏകദിനങ്ങളില്‍ 121 ഉം 60 രാജ്യാന്തര ട്വന്‍റി 20കളില്‍ 70 ഉം വിക്കറ്റ് പേരിലാക്കിയിട്ടുണ്ട്. 120 ഐപിഎല്‍ മത്സരങ്ങളില്‍ 145 വിക്കറ്റും ജസ്‌പ്രീത് ബുമ്രക്ക് സ്വന്തം. 

ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിന് പുറത്താണ് ജസ്‌പ്രീത് ബുമ്ര. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷമാണ് പുറംവേദന ബുമ്ര റിപ്പോര്‍ട്ട് ചെയ്‌തത്. 2019ല്‍ സംഭവിച്ച പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത്. ഇതിന് ശേഷം വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ഏഷ്യാ കപ്പും നഷ്‌ടമായ താരം ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലൂടെ തിരിച്ചുവന്നെങ്കിലും രണ്ട് ടി20കളിലായി ആറ് ഓവറെ എറിയാനായുള്ളൂ. ഇതിന് ശേഷം ടി20 ലോകകപ്പും ന്യൂസിലന്‍ഡ് പര്യടനവും ബംഗ്ലാദേശ് പര്യടനവും ശ്രീലങ്കയ്‌ക്ക് എതിരായ ഏകദിനങ്ങളും ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ഐപിഎല്‍ 2023 ഉം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വിന്‍ഡീസ് പര്യടനവും നഷ്‌ടമായി. ഇപ്പോള്‍ അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലൂടെ മടങ്ങിവരവിന് ഒരുങ്ങുകയാണ് ബുമ്ര. 

എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കഴി‌ഞ്ഞ ഒരു വര്‍ഷമായി മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ജസ്‌പ്രീത് ബുമ്രയെ തിരിച്ചുവരവില്‍ തന്നെ ക്യാപ്റ്റനാക്കിയത് താരത്തില്‍ സെലക്‌ടര്‍മാര്‍ക്കുള്ള വിശ്വാസമാണ് തെളിയിക്കുന്നതെങ്കിലും ടീമിന്‍റെ മുഖ്യ പേസര്‍ക്ക് ഇത് അധിക ബാധ്യതയാവുമെന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

Read more: സഞ്ജു സാംസണിന്‍റെ ഏഷ്യാ കപ്പ് പ്രതീക്ഷകള്‍ക്ക് ഏറെക്കുറെ വിരാമം; ഫിറ്റ്നസ് വീണ്ടെടുത്ത് കെ എല്‍ രാഹുല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോള്‍ പ്രതീക്ഷകളൊന്നുമില്ല', തുറന്നുപറഞ്ഞ് ഇഷാന്‍ കിഷന്‍
സഞ്ജു ചിത്രത്തിലേ ഇല്ല, ഒന്നാമന്‍ ഇഷാന്‍ കിഷന്‍, ഞെട്ടിച്ച് സീനിയർ താരം, മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടക്കാര്‍